20 അങ്ങനെ ആ കൊല്ലപ്പെട്ട വ്യക്തിയുടെ ജഡത്തില്‍ പശുവിൻ്റെ ശരീരഭാഗംകൊണ്ട് അടിച്ചപ്പോള്‍ അല്ലാഹു അയാളെ പുനര്‍ജീവിപ്പിച്ചു. ഒരു ദൃഷ്ടാന്തമെന്ന നിലയ്ക്കാണ് അല്ലാഹു ഇത് കാണിച്ചത്. അല്ലാഹുവില്‍നിന്ന് യാതൊന്നും മറച്ചുവെക്കാന്‍ കഴിയില്ലെന്നും ഉയിര്‍ത്തെഴുന്നേല്പും പരലോക ജീവിതവും അനിഷേധ്യയാഥാര്‍ഥ്യമാണെന്നും അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്.
21 മനുഷ്യര്‍ക്കും ജീവികള്‍ക്കും മറ്റും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ പാറക്കല്ലുകളില്‍നിന്നുപോലും ഉണ്ടായേക്കും. എന്നാല്‍ കടുത്തുപോയ മനസ്സുകളില്‍നിന്ന് ജനോപകാരപ്രദമായ യാതൊന്നും പ്രതീക്ഷിക്കാവുന്നതല്ല.
22 വേദങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന എല്ലാവരുടെയും ഏറ്റവും വലിയ പ്രശ്‌നമാണ് മറ്റുള്ളവര്‍ സത്യം അറിഞ്ഞാല്‍ തങ്ങളുടെ കള്ളി പൊളിയുമോ എന്ന ആശങ്ക. ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരുടേതുപോലെ തന്നെയായിരുന്നു യഹൂദരുടെ നിലപാടും. വേദത്തിന്റെ ഉള്ളടക്കം മറ്റുള്ളവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്താല്‍ എതിരാളികളുടെ ന്യായവാദത്തിനു മുന്നില്‍ തങ്ങള്‍ക്ക് ഉത്തരം മുട്ടിപ്പോകുമെന്നായിരുന്നു ആശങ്ക.