നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നത് പോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ട് തന്നെ സത്യം മറച്ചുവെക്കുകയാകുന്നു.
ഓരോ വിഭാഗക്കാര്‍ക്കും അവര്‍ (നമസ്കാരവേളയില്‍) തിരിഞ്ഞുനില്‍ക്കുന്ന ഓരോ ഭാഗമുണ്ട്.(30) എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്. നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു
30 ഓരോ സമുദായത്തിനും അവരുടെ നമസ്‌കാരങ്ങൾക്ക് ഏകീഭാവം നല്‍കുന്നതിനായി ഒരു ഖിബ്‌ല നിശ്ചയിക്കുന്നു. ഖിബ്‌ല നിശ്ചയിക്കുന്നതില്‍ പരിഗണിക്കേണ്ട ഘടകങ്ങളെപ്പറ്റി ഭിന്നവീക്ഷണങ്ങള്‍ ഉണ്ടായെന്നുവരാം. എന്നാല്‍ അത്തരം ഭിന്നതകള്‍ മറന്ന് വിശ്വാസികള്‍ ഒന്നടങ്കം അല്ലാഹുവിൻ്റെ നിശ്ചയം അംഗീകരിക്കുകയാണ് വേണ്ടത്. ഖിബ്‌ലയുടെ കാര്യമുള്‍പ്പെടെ ഏത് വിഷയത്തിലും അല്ലാഹുവിൻ്റെ കല്പനകള്‍ പൂര്‍ണമായി അനുസരിക്കുന്നതാണ് മനുഷ്യര്‍ക്ക് ഗുണകരമായിട്ടുള്ളത്.
ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിൻ്റെ നേര്‍ക്ക് (നമസ്കാരവേളയില്‍) നിൻ്റെ മുഖം തിരിക്കേണ്ടതാണ്. തീര്‍ച്ചയായും അത് നിൻ്റെ രക്ഷിതാവിങ്കല്‍നിന്നുള്ള യഥാര്‍ത്ഥ (നിര്‍ദേശ) മാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.
ഏതൊരിടത്ത് നിന്ന് നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുല്‍ ഹറാമിൻ്റെ നേര്‍ക്ക് നിൻ്റെ മുഖം തിരിക്കേണ്ടതാണ്. (സത്യവിശ്വാസികളേ,) നിങ്ങള്‍ എവിടെയൊക്കെയായിരുന്നാലും അതിൻ്റെ നേര്‍ക്കാണ് നിങ്ങളുടെ മുഖം തിരിക്കേണ്ടത്. നിങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാന്‍ വേണ്ടിയാണിത്. അവരില്‍ പെട്ട ചില അതിക്രമകാരികള്‍ (തര്‍ക്കിച്ചേക്കാമെന്നത്) അല്ലാതെ. എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക. എൻ്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരുവാനും, നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുവാനും വേണ്ടിയാണിതെല്ലാം.
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരികയും, നിങ്ങളെ സംസ്കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.