നിങ്ങളില്‍ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരു കൊല്ലത്തേക്ക് (വീട്ടില്‍ നിന്ന്) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ (സ്വയം) പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: 'നിങ്ങള്‍ മരിച്ചു കൊള്ളുക.' പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല.
അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.