(ബോധപൂര്‍വ്വമല്ലാതെ) വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. പക്ഷെ, നിങ്ങള്‍ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ചതിൻ്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
തങ്ങളുടെ ഭാര്യമാരുമായി (ബന്ധപ്പെടുകയില്ലെന്ന്) ശപഥം ചെയ്ത് അകന്നു നില്‍ക്കുന്നവര്‍ക്ക് (അന്തിമ തീരുമാനത്തിന്) നാലുമാസം വരെ കാത്തിരിക്കാവുന്നതാണ്. അതിനിടയില്‍ അവര്‍ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്‍മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.
ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിൻ്റെ നിയമപരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിൻ്റെ നിയമപരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.