10) ആഹാരപാനീയങ്ങളൊന്നും കഴിക്കാതെ മൂന്ന് നൂറ്റാണ്ടുകാലം ഒരുതരം ഉറക്കത്തിലാക്കിയശേഷം ഗുഹാവാസികളെ എഴുന്നേല്പിച്ച അല്ലാഹുവിന് ലോകാവസാനത്തെ തുടര്‍ന്ന് മനുഷ്യരെ ഉയിര്‍ത്തെഴുന്നേല്പിക്കാന്‍ ഒരു പ്രയാസവുമില്ലെന്ന് ഈ സംഭവത്തിന്നു സാക്ഷിയായ ഏതൊരാള്‍ക്കും വ്യക്തമാകും.
11) എഴുന്നേല്പിക്കപ്പെട്ട യുവാക്കള്‍ ഏറെത്താമസിയാതെ മരിച്ചുവെന്നാണ് വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അപ്പോള്‍ അവരുടെ സ്മരണ നിലനിര്‍ത്താന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ നാട്ടുകാര്‍ തമ്മില്‍ തര്‍ക്കമായി. അവരുടെ ഗുഹയുടെ സമീപം ഒരു കെട്ടിടം നിര്‍മിക്കാമെന്ന് ഒരു വിഭാഗം നിര്‍ദേശിച്ചു. പ്രബലമായ ഒരു വിഭാഗം അഭിപ്രായപ്പെട്ടത് അവിടെ ഒരു പള്ളി നിര്‍മ്മിക്കാമെന്നായിരുന്നു.
12) ഈ അഭിപ്രായത്തെ വിശുദ്ധഖുര്‍ആനിലൂടെ അല്ലാഹു വിമര്‍ശിക്കാത്തതുകൊണ്ട് ഇതാണ് ശരിയെന്ന് ഊഹിക്കാവുന്നതാണ്.
13) ചരിത്രവിവരണത്തില്‍ ഖുര്‍ആനിൻ്റെ സമീപനം ചരിത്രഗ്രന്ഥങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സ്ഥലം, തിയ്യതി, ജനനം, മരണം തുടങ്ങിയവ വിശദീകരിക്കുന്നതിനുപകരം ഓരോ സംഭവത്തില്‍ നിന്നും നമുക്ക് ഉള്‍ക്കൊള്ളാനുള്ള ഗുണപാഠം ഊന്നിപ്പറയുകയാണ് അല്ലാഹു ചെയ്യുന്നത്. ഖുര്‍ആനില്‍ നിന്ന് വ്യക്തമായ അറിവിൻ്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയല്ലാതെ അതിനപ്പുറമുള്ള അപ്രസക്തമായ കാര്യങ്ങളെപ്പറ്റി തര്‍ക്കിക്കാന്‍ പോകരുതെന്ന് നബി(ﷺ)യെ അല്ലാഹു ഉണര്‍ത്തുന്നു.
14) ഒരു സത്യവിശ്വാസി ഏതൊരു കാര്യം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണെങ്കിലും 'ഇന്‍ശാ അല്ലാഹ്' (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുകൂടി പറയണം. അതു മറന്നുപോയാല്‍ ഓര്‍മവരുമ്പോള്‍ പറയണം.
15) അറബികള്‍ ചാന്ദ്രവര്‍ഷമനുസരിച്ചാണ് കാലഗണന നടത്തുന്നത്. റോമക്കാരും മറ്റും സൗരവര്‍ഷം അനുസരിച്ചും. 300 സൗരവര്‍ഷത്തിന്ന് 309 ചാന്ദ്രവര്‍ഷമാണുണ്ടാകുക.