1) ജനങ്ങള്‍ സത്യം സ്വീകരിക്കാത്തതില്‍ മനംനൊന്ത് കഷ്ടപ്പെടേണ്ടതില്ലെന്ന് നബി(ﷺ)യെ അല്ലാഹു ഉണര്‍ത്തുന്നു. വിശ്വസിപ്പിക്കല്‍ നബി(ﷺ)യുടെ ചുമതലയല്ല. സത്യം അറിയിച്ചുകൊടുക്കാനുള്ള ബാധ്യതയേ അവിടുത്തേക്കുള്ളൂ.
2) അല്ലാഹു നൽകിയ ജീവിതാലങ്കാരങ്ങളോട് ഉചിതമായ നിലയില്‍ പ്രതികരിക്കുന്നത് ആരെന്ന് പരീക്ഷിക്കുവാന്‍ വേണ്ടി.
4) ഗുഹാവാസികളെ പറ്റിയുള്ള ഖുര്‍ആനിലെ വിവരണം ഇവിടെ തുടങ്ങുന്നു. ഗുഹാവാസികളുടെ ചരിത്രം ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറബികള്‍ക്കിടയില്‍ ഒരു സംസാരവിഷയമായിരുന്നു. ഏറ്റവും വലിയ അത്ഭുതമായിട്ടായിരുന്നു അവരത് ഗണിച്ചിരുന്നത്. എന്നാല്‍ അല്ലാഹുവിൻ്റെ അത്ഭുതകരമായ ദൃഷ്ടാന്തങ്ങള്‍ എത്രയോ ഉണ്ട്. അക്കൂട്ടത്തില്‍ അത്രയൊന്നും അത്ഭുതകരമല്ലാത്ത ഒന്ന് മാത്രമാണ് ഈ സംഭവം. 'റഖീം' എന്നത് ആ ഗുഹ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിൻ്റെ പേരാണെന്നും ഗുഹാവാസികളുടെ പേര് രേഖപ്പെടുത്തിയ ഫലകമാണെന്നും അഭിപ്രായമുണ്ട്.
5) അല്ലാഹുവിനെ മാത്രം ആരാധിച്ച ഉറച്ച വിശ്വാസികളായിരുന്നു ഈ ചെറുപ്പക്കാര്‍. ഏകനായ അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന ഇസ്‌ലാമിക ആദർശത്തിൻ്റെ കടുത്ത ശത്രുവായിരുന്നു അവരുടെ നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് രാജാവ്. വിഗ്രഹാരാധന നടത്താന്‍ തയ്യാറില്ലാത്തവരെയൊക്കെ കൊന്നുകളയാന്‍ രാജാവ് ഉത്തരവിട്ടപ്പോഴാണ് ഈ ചെറുപ്പക്കാര്‍ ഒരു ഗുഹയില്‍ അഭയം തേടിയത്.
6) 'ദ്വറബ്‌നാ അലാ ആദാനിഹിം' എന്നതിൻ്റെ ഭാഷാര്‍ഥം നാം അവരുടെ കാതുകളിന്മേല്‍ അടിച്ചു എന്നാണ്. അവരെ ഒരു പ്രത്യേകതരം ഉറക്കത്തിലാക്കി എന്നാണ് അതുകൊണ്ടുള്ള വിവക്ഷ.
7) തങ്ങള്‍ എത്ര കാലം ഗുഹയില്‍ താമസിച്ചുവെന്ന കാര്യത്തില്‍ ഗുഹാവാസികള്‍ തന്നെ രണ്ട് അഭിപ്രായക്കാരായിരുന്നു. 'രണ്ട് കക്ഷികള്‍' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇതാകാം. ഗുഹാവാസികള്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ട കാലത്ത് നാട്ടിലുണ്ടായിരുന്ന വിശ്വാസികളെയും അവിശ്വാസികളെയും ഉദ്ദേശിച്ചുകൊണ്ടുമാകാം രണ്ട് കക്ഷികള്‍ എന്ന് പറഞ്ഞത്.