2) സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്.
3) 'ഇറം' എന്നത് ആദ് സമുദായത്തിന്റെ തന്നെ മറ്റൊരു പേരാണെന്നും അതല്ല ആദ് സമുദായത്തിന്റെ ആസ്ഥാന നഗരത്തിന്റെ പേരാണെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്. അവരുടെ സ്ഥലങ്ങളില്‍ സ്മാരകസ്തൂപങ്ങള്‍ നിര്‍മിച്ചിരുന്നതുകൊണ്ടായിരിക്കാം അവരെ തൂണുകളുടെ ഉടമകള്‍ എന്ന് വിശേഷിപ്പിച്ചത്.
7) ഐശ്വര്യവും കഷ്ടപ്പാടും ഒരേപോലെ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി ഉചിതമായി പ്രതികരിക്കുകയാണ് ഒരു സത്യവിശ്വാസി ചെയ്യേണ്ടത്. അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അത് സ്വന്തം മഹത്വത്തിന്റെ ഫലമായി കരുതാതെ അല്ലാഹുവിന്റെ ദാനമായി ഗണിച്ച് നന്ദിപൂര്‍വം പ്രതികരിക്കുകയാണ് മനുഷ്യന്‍ ചെയ്യേണ്ടത്. കഷ്ടപ്പാട് നേരിടുമ്പോള്‍ നിരാശയും വേവലാതിയും കൊണ്ട് മനസ്സ് മടുക്കാതെ ക്ഷമ അവലംബിക്കാനും അവന് കഴിയണം. എന്നാല്‍ മനുഷ്യരില്‍ ബഹുഭൂരിഭാഗവും ഇതിന് വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്.
8) അനാഥകളെ സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില വ്യക്തികളും സ്ഥാപനങ്ങളും അനാഥകളോട് ആദരവ് പുലര്‍ത്താത്തവരും അവരെ അധമരായി ഗണിക്കുന്നവരുമാണ്. തങ്ങളുടെ മനസ്സില്‍ അനാഥകള്‍ക്ക് ആദരണീയമായ സ്ഥാനം കല്പിക്കുന്നവര്‍ക്ക് മാത്രമേ അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളൂ.
9) അല്ലാഹുവിന്റെ വിചാരണയും ശിക്ഷയും ആസന്നമാകുന്ന സന്ദര്‍ഭത്തില്‍ - ന്യായവിധിയുടെ നാളില്‍ പ്രവാചകന്മാരുടെ പ്രബോധനവും താക്കീതുകളും സത്യനിഷേധികള്‍ ഓര്‍മിക്കും. എന്നാല്‍ ആ സമയത്ത് ആ ഓര്‍മ കൊണ്ട് അവര്‍ക്ക് ഒരു പ്രയോജനവുമുണ്ടാവില്ല.