1) പ്രവാചകപത്‌നിമാര്‍ ഉന്നതമായ ധാര്‍മിക മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നുവെങ്കിലും സ്ത്രീ സഹജമായ ചില ദൗര്‍ബല്യങ്ങള്‍ അവര്‍ക്കുമുണ്ടായിരുന്നു. നബി(ﷺ)ക്ക് മറ്റു പത്‌നിമാരോടുള്ളതിനെക്കാള്‍ കൂടുതല്‍ സ്‌നേഹം തങ്ങളോടായിരിക്കണമെന്ന് അവരില്‍ ചിലര്‍ ആഗ്രഹിച്ചിരുന്നു.
ഒരിക്കല്‍ നബി(ﷺ) പത്‌നിമാരില്‍ ഒരാളായ സൈനബ് ബിന്‍തു ജഹ്ശിന്റെ വീട്ടില്‍വെച്ച് അല്പം തേന്‍ കഴിച്ചു. ഈ വിവരം എങ്ങനെയോ ആഇശയും ഹഫ്‌സയും അറിഞ്ഞു. അവര്‍ക്കത് അത്ര ഇഷ്ടമായില്ല. അവരിരുവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. നബി(ﷺ) തങ്ങളുടെ അടുത്തുവന്നാല്‍ 'താങ്കള്‍ 'മഗാഫിര്‍' പശ ചവച്ചുവല്ലേ, താങ്കളുടെ വായ് വാസനിക്കുന്നു' എന്ന് അവിടത്തോട് പറയണമെന്നായിരുന്നു ഈ തീരുമാനം. താന്‍ അല്പം തേന്‍ കഴിച്ചതേയുള്ളൂവെന്ന് നബി(ﷺ) അവരോട് വ്യക്തമാക്കുകയും, സഹധര്‍മിണികളുടെ അനിഷ്ടം പരിഗണിച്ച് ഇനിമേല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. അല്ലാഹു അനുവദനീയമാക്കിയ തേന്‍ ഭാര്യമാരുടെ താല്പര്യം മാനിച്ച് വര്‍ജിക്കാന്‍ തീരുമാനിച്ചത് ഉചിതമായില്ലെന്ന് അല്ലാഹു ഈ വചനത്തില്‍ നബി(ﷺ)യെ ഉണര്‍ത്തുന്നു.
2) ഒരു സല്‍കര്‍മമോ, നല്ല കാര്യമോ ചെയ്യുകയില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ശപഥം ചെയ്യാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ആ ശപഥം ലംഘിക്കുകയും പ്രായശ്ചിത്തം ചെയ്യുകയുമാണ് വേണ്ടത്.
3) താന്‍ മേലില്‍ തേന്‍ കഴിക്കുകയില്ലെന്ന് ശപഥം ചെയ്ത കാര്യവും മറ്റു ചില വിവരങ്ങളും നബി(ﷺ) പത്‌നിമാരില്‍ ഒരാളായ ഹഫ്‌സയെ രഹസ്യമായി അറിയിച്ചതായിരുന്നു. ഈ കാര്യങ്ങള്‍ മറ്റാരെയും അറിയിക്കരുതെന്ന് അദ്ദേഹം ഹഫ്‌സയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അത്ര ഗൗരവമുള്ള വിഷയമൊന്നുമല്ലല്ലോ എന്ന നിലയില്‍ ഹഫ്‌സ ഈ വിവരം ആഇശയോട് പറഞ്ഞു.
4) പ്രവാചകപത്‌നിമാരായ ആഇശയെയും ഹഫ്‌സയെയും പറ്റിയാണ് പരാമര്‍ശം. ഏതു ചെറിയ കാര്യത്തിലും കല്പനകള്‍ പൂര്‍ണമായി അനുസരിക്കേണ്ടവരാണ് അവിടുത്തെ പത്‌നിമാര്‍. ആ കാര്യത്തിലുള്ള ചെറിയ വീഴ്ചപോലും അല്ലാഹു ഗൗരവപൂര്‍വം വീക്ഷിക്കുന്നു.
5) നരകത്തില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് സത്യനിഷേധികളോട് പറയപ്പെടുന്നതാണിത്.