1) മാനസികമായി എന്തോ കുഴപ്പം ബാധിച്ച വ്യക്തിയാണ് നബി(ﷺ)യെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഇരുപത്തി മൂന്നുവര്‍ഷക്കാലം തികഞ്ഞ മനസ്സാന്നിധ്യത്തോടെ പ്രബോധന ദൗത്യം വിജയകരമായി നിര്‍വഹിച്ച നബി(ﷺ) അന്യൂനവും അവികലവുമായ ഒരു മനസ്സിന്റെ ഉടമയായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.
2) ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ നിഷ്‌കൃഷ്ടമായി പ്രബോധനം ചെയ്യുന്നതിനുപകരം ജാഹിലിയ്യത്തിന്റെ ചില അംശങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്ന ഒരു നിലപാട് സ്വീകരിക്കാന്‍ നബി(ﷺ) സന്നദ്ധനാകുന്ന പക്ഷം അറേബ്യയിലെ ബഹുദൈവാരാധകര്‍ നബി(ﷺ)യോടും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധരായിരുന്നു.
3) ചില നുണയന്മാരുണ്ട്. സാധാരണനിലയില്‍ അവരുടെ വാക്കുകള്‍ പലരും മുഖവിലക്കെടുക്കുകയില്ല. അവര്‍ക്ക് തന്നെ ഇത് നന്നായി അറിയാം. അതിനാല്‍ അവര്‍ എന്തു പറയുമ്പോഴും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള നിര്‍ബന്ധബുദ്ധി നിമിത്തം ആണയിട്ടുകൊണ്ടിരിക്കും.
4) നബി(ﷺ)യെയും അനുയായികളെയും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്ന വലീദുബ്‌നു മുഗീറയുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെങ്കിലും പരാമൃഷ്ട ദുര്‍ഗുണങ്ങളുള്ള എല്ലാവര്‍ക്കും ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്.
5) പഴങ്ങള്‍ പറിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ 'ഇന്‍ശാ അല്ലാഹ്' (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നുപറഞ്ഞിരുന്നില്ല എന്നാണ് 'വലായസ്തഥ്‌നൂന്‍' എന്ന വാക്കിന് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്. 'പാവങ്ങള്‍ക്ക് വേണ്ടി അവര്‍ യാതൊന്നും മാറ്റിവെക്കാന്‍ തീരുമാനിച്ചിരുന്നില്ല' എന്നാണ് ചില വ്യാഖ്യാതാക്കള്‍ വിശദീകരണം നല്കിയത്.
6) ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം. 'അന്ത്യദിനത്തില്‍ അല്ലാഹു തന്റെ കണങ്കാല്‍ വെളിപ്പെടുത്തും. അപ്പോള്‍ സത്യവിശ്വാസികള്‍ അവന് സുജൂദ് ചെയ്യും. എന്നാല്‍ ഇഹലോകത്ത് ജനങ്ങളെ കാണിക്കാന്‍ സുജൂദ് ചെയ്തിരുന്നവര്‍ക്ക് അപ്പോള്‍ സൂജൂദ് ചെയ്യാന്‍ സാധ്യമാവുകയില്ല.' ഖുർആനിലും സുന്നത്തിലും വന്നതുപ്രകാരം അല്ലാഹുവിന്റെ ഇതുപോലെയുള്ള എല്ലാ വിശേഷണങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്. എന്നാൽ അവ എങ്ങനെയാണ് എന്ന് നമുക്കറിയില്ല. അല്ലാഹുവിന്റെ വിശേഷണങ്ങൾ നിഷേധിക്കാനോ വ്യാഖ്യാനിക്കാനോ പാടില്ല. അവ അല്ലാഹുവിന്റെ മഹത്വത്തിന് യോജിച്ച അവന്റെ വിശേഷണങ്ങളാണെന്ന് വിശ്വസിക്കണം.
7) ഇഹലോകത്ത് അവര്‍ സ്വതന്ത്രരും കഴിവുള്ളവരുമായിരുന്നപ്പോള്‍ അല്ലാഹുവിന് സുജൂദ് ചെയ്യാന്‍ കല്പിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ ധിക്കരിക്കുകയായിരുന്നു.
8) സത്യനിഷേധികളുടെ വിളയാട്ടം കണ്ട് വ്യാകുലപ്പെടേണ്ടെന്നും താന്‍ തന്നെ അവരെ ഉചിതമായ വിധത്തില്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും നബി(ﷺ)യെയും സത്യവിശ്വാസികളെയും അല്ലാഹു ഉണര്‍ത്തുന്നു.
10) അല്ലാഹുവിന്റെ കാവൽ ഇല്ലായിരുന്നെങ്കിൽ അവരുടെ കണ്ണേറ് നിനക്ക് ബാധിക്കുമായിരുന്നു.