1) മനുഷ്യന്റെ പ്രകൃതി തന്നെ അല്ലാഹുവിന്റെ സാന്നിധ്യത്തെപ്പറ്റി ഉറപ്പ് നല്‍കുന്നുവെന്നും ആ ഉറപ്പാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നതെന്നുമാണ് ഒരു വിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം. അല്ലാഹു ആത്മീയമായ ഒരു ലോകത്ത് വെച്ച് എല്ലാ മനുഷ്യരെ കൊണ്ടും ഏകദൈവവിശ്വാസം സംബന്ധിച്ച് കരാര്‍ ചെയ്യിച്ചിട്ടുണ്ടെന്നും അതാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നതെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കളുടെ പക്ഷം.
2) ഇസ്‌ലാം ഏറ്റവും ശക്തിയായി എതിര്‍ക്കപ്പെടുകയും, മുസ്‌ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത ആദ്യകാലത്ത് വിശ്വാസം പ്രഖ്യാപിക്കുകയും, ആക്രമണകാരികളോട് പോരാടുകയും ചെയ്തവരുടെ പദവി അത്യുന്നതമത്രെ. പിന്നീട് വിശ്വസിച്ച് ത്യാഗസമരങ്ങളിലേര്‍പ്പെട്ടവര്‍ക്കും അല്ലാഹു വിശിഷ്ടമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.