1) മുഹമ്മദ് നബി(ﷺ) മക്കാ നിവാസികള്‍ക്കിടയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. അദ്ദേഹത്തിന്റെ സത്യസന്ധതയും സ്വഭാവവൈശിഷ്ട്യവും അവര്‍ക്ക് ചിരപരിചിതമായിരുന്നു. എന്നിട്ടും അവിടുന്ന് അല്ലാഹുവിന്റെ റസൂലെന്ന നിലയില്‍ അവരെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ നബി(ﷺ)യെ വ്യാജവാദിയായി ചിത്രീകരിക്കുകയാണുണ്ടായത്.
2) തങ്ങളുടെ ദൈവങ്ങളെ നബി(ﷺ) വിമര്‍ശിക്കുന്നത് തങ്ങളില്‍ നിന്ന് അധികാരം അപഹരിച്ചെടുക്കാന്‍ വേണ്ടിയുള്ള ഒരു ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു മക്കയിലെ ബഹുദൈവാരാധകരായ പ്രമാണിമാരുടെ പ്രചാരണം.
3) അവസാനത്തെ മതം കൊണ്ടുള്ള വിവക്ഷ അന്ന് നിലവിലുണ്ടായിരുന്നതില്‍ ഏറ്റവും പുതിയ മതമായ ക്രിസ്തുമതമായിരിക്കാം. ത്രിയേകത്വത്തില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ ക്രിസ്തുമതത്തിന് തീര്‍ത്തും അപരിചിതമായിരുന്നല്ലോ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന കണിശമായ തൗഹീദ്. 'അവസാനത്തെ മതം' കൊണ്ടുള്ള വിവക്ഷ ആ സത്യനിഷേധികളുടെ തൊട്ടടുത്തുള്ള തലമുറകള്‍ അംഗീകരിച്ചുപോന്നിരുന്ന ബഹുദൈവമതമാണെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
4) അല്ലാഹു മുഹമ്മദ് നബി(ﷺ)യെ പ്രവാചകനായി നിയോഗിക്കുകയും അവിടുത്തേക്ക് ദിവ്യസന്ദേശം നല്കുകയും ചെയ്തത് സ്ഥാനമാനങ്ങളെപ്പറ്റിയുള്ള അവരുടെ കാഴ്ച്ചപ്പാടിന് വിപരീതമായിരുന്നു. തങ്ങളുടെ കൂട്ടത്തിലെ ഉന്നതസ്ഥാനീയനായ ഏതെങ്കിലുമൊരു പ്രമാണിയാണ് ആ സ്ഥാനത്തിന് അര്‍ഹനെന്നായിരുന്നു അവരുടെ അഭിപ്രായം.
5) ആശയപ്പൊരുത്തമില്ലാത്ത, ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഉറച്ച് നിന്ന് പോരാടാന്‍ സന്നദ്ധതയില്ലാത്ത തല്പരകക്ഷികള്‍ ചേര്‍ന്നു രൂപം നല്കിയ, പരാജയപ്പെടാനിരിക്കുന്ന ഒരു പടയണിയാണ് പ്രവാചകന്നെതിരില്‍ രംഗത്തുള്ളതെന്ന് വിവക്ഷ.
6) 'ദുല്‍ഔതാദ്'എന്ന വാക്കിന് ആണികളുള്ളവന്‍ അല്ലെങ്കില്‍ ആണിയടിച്ചവന്‍ എന്നാണ് അര്‍ഥം. ആണികള്‍ക്ക് മാത്രമല്ല അടിച്ചു താഴ്ത്തുന്ന കുറ്റികള്‍ക്കും 'ഔതാദ്' എന്നു പറയാറുണ്ട്. ആര്‍ക്കും ഇളക്കാനാകാത്തവിധം അധികാരത്തിന്റെ കാലുകള്‍ ഉറപ്പിച്ചവന്‍ എന്നാണ് ചില വ്യാഖ്യാതാക്കള്‍ 'ദുല്‍ഔതാദി'ന് വിശദീകരണം നല്‍കിയിട്ടുള്ളത്. പാവങ്ങളുടെ ശരീരത്തില്‍ ആണി തറച്ച് പീഡിപ്പിച്ചിരുന്നവന്‍ എന്നാണ് മറ്റു ചിലര്‍ വിശദീകരണം നല്കിയത്.
7) 'ഫവാഖ്' എന്ന പദത്തിന്റെ അര്‍ത്ഥം രണ്ട് കറവകള്‍ക്കിടയിലെ ഇടവേള എന്നത്രെ. അന്ത്യനാൾ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ ഒരു തിരിച്ചുപോക്കിന് അവസരമില്ലെന്ന് സാരം.