നിങ്ങള്‍ അതില്‍ കടന്നു എരിഞ്ഞു കൊള്ളുക. എന്നിട്ട് നിങ്ങളത് സഹിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്.
തങ്ങളുടെ രക്ഷിതാവ് അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന് അവരുടെ രക്ഷിതാവ് അവരെ കാത്തുരക്ഷിക്കുകയും ചെയ്യും.
വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.
ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചു വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടവനാകുന്നു.