അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു.(17) ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല
17) പരലോകത്തെത്തുമ്പോള്‍ നരകശിക്ഷയില്‍ നിന്ന് മോചനം കിട്ടുന്നതിനുവേണ്ടി എന്തും നല്‍കാന്‍ മനുഷ്യന്‍ തയ്യാറാകും. ഭൂമിയിലെ സ്വത്ത് മുഴുവന്‍ കൈവശമുണ്ടെങ്കില്‍ അതത്രയും പ്രായശ്ചിത്തമായി നല്‍കാന്‍ അവന്‍ സന്നദ്ധനാകും.
പറയുക: അല്ലാഹുവിന്‍റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്.
(നബിയേ,) നീ വല്ലകാര്യത്തിലും ഏര്‍പെടുകയോ, അതിനെപ്പറ്റി ഖുര്‍ആനില്‍ നിന്ന് വല്ലതും ഓതികേള്‍പിക്കുകയോ, നിങ്ങള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങളതില്‍ മുഴുകുന്ന സമയത്ത് നിങ്ങളുടെ മേല്‍ സാക്ഷിയായി നാം ഉണ്ടാകാതിരിക്കുകയില്ല. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിന്‍റെ രക്ഷിതാവി(ന്‍റെ ശ്രദ്ധയി)ല്‍ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാള്‍ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു രേഖയില്‍ ഉള്‍പെടാത്തതായി ഇല്ല.