നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോ
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്. അനുഗ്രഹങ്ങള്‍ നിറഞ്ഞ സ്വര്‍ഗത്തോപ്പുകളില്‍ അവരുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും.
ജനങ്ങള്‍ നേട്ടത്തിന് ധൃതികൂട്ടുന്നതു പോലെ അവര്‍ക്ക് ദോഷം വരുത്തുന്ന കാര്യത്തില്‍ അല്ലാഹു ധൃതികൂട്ടുകയായിരുന്നുവെങ്കില്‍ അവരുടെ ജീവിതാവധി അവസാനിപ്പിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു.(1) എന്നാല്‍ നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കാത്തവരെ അവരുടെ ധിക്കാരത്തില്‍ വിഹരിച്ചു കൊള്ളാന്‍ നാം വിടുകയാകുന്നു.
1) ആളുകള്‍ക്ക് ഏത് കാര്യത്തിലും ധൃതിയും അക്ഷമയുമാണ്. നേട്ടങ്ങള്‍ വാരിക്കൂട്ടാനുളള ധൃതിക്കിടയില്‍ അല്ലാഹുവിൻ്റെ താക്കീതുകള്‍ അവര്‍ അവഗണിച്ചു തളളുന്നു. അവരെ ശിക്ഷിക്കുന്ന കാര്യത്തില്‍ അതുപോലെ അല്ലാഹു ധൃതി കാണിച്ചിരുന്നെങ്കില്‍ അവരുടെ കഥ ഉടനെ കഴിഞ്ഞേനെ.
മനുഷ്യന് കഷ്ടത ബാധിച്ചാല്‍ കിടന്നിട്ടോ ഇരുന്നിട്ടോ നിന്നിട്ടോ അവന്‍ നമ്മോട് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ അവനില്‍ നിന്ന് നാം കഷ്ടത നീക്കികൊടുത്താല്‍, അവനെ ബാധിച്ച കഷ്ടതയുടെ കാര്യത്തില്‍ നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ല എന്ന ഭാവത്തില്‍ അവന്‍ നടന്നു പോകുന്നു. അതിരുകവിയുന്നവര്‍ക്ക് അപ്രകാരം, അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു.
തീര്‍ച്ചയായും നിങ്ങള്‍ക്ക് മുമ്പുള്ള പല തലമുറകളെയും അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം നശിപ്പിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകളുമായി നമ്മുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. അവര്‍ വിശ്വസിക്കുകയുണ്ടായില്ല. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്കു നാം പ്രതിഫലം നല്‍കുന്നത്.