24 ഈ ആയത്തില്‍ 'മലകൈനി' എന്നും 'മലികൈനി' എന്നും 'ഖിറാഅത്ത്' (പാഠഭേദം) ഉണ്ട്. 'മലകൈനി' എന്ന പദത്തിന് രണ്ടു മലക്കുകള്‍ എന്ന ഭാഷാര്‍ത്ഥം തന്നെയാണ് ചില വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത്. മലക്കുകളെപ്പോലെ അമാനുഷികപദവി നല്‍കി ജനങ്ങളാല്‍ ആദരിക്കപ്പെട്ട രണ്ടുപേര്‍ എന്നാണ് 'മലകൈനി'യുടെ വിവക്ഷയെന്നു പറയുന്നു മറ്റു ചിലര്‍. 'മലികൈനി' എന്നാല്‍ രണ്ട് രാജാക്കന്മാര്‍ എന്നര്‍ഥം. ഹാറൂത്തിനും മാറൂത്തിനും വശമുണ്ടായിരുന്നത് ചില മന്ത്രവിദ്യകളായിരുന്നുവെന്ന് ഈ ആയത്തില്‍നിന്ന് വ്യക്തമാണ്.
'സിഹ്ർ' (മാരണം) അല്ലാഹു ഉദ്ദേശിച്ചവർക്ക് ഫലിക്കും. പക്ഷെ, സിഹ്റിനെ സിഹ്ർ കൊണ്ട് ചികിൽസിക്കൽ അനുവദനീയമല്ല. ഖുർആനിലൂടെയോ സ്ഥിരപ്പെട്ട ഹദീഥുകളിൽ വന്ന പ്രാർത്ഥനകളിലൂടെയോ ചികിൽസിക്കാവുന്നതാണ്. 'സിഹ്ര്‍' എന്ന പദത്തിൻ്റെ പരിധിയില്‍ വരുന്ന മാരണം, കുടോത്രം, മന്ത്രവാദം തുടങ്ങിയവയെല്ലാംതന്നെ നിഷിദ്ധമാണ്.
25 'റാഇനാ' എന്ന അറബിവാക്കിൻ്റെ അര്‍ഥം 'ഞങ്ങളെ പരിഗണിക്കേണമേ' എന്നാണ്. നബി(ﷺ) യോടുള്ള സംഭാഷണത്തില്‍ സഹാബികള്‍ ചിലപ്പോള്‍ ഈ വാക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ യഹൂദരുടെ ഭാഷയില്‍ 'റാഇനാ' എന്നത് ഒരു അസഭ്യവാക്കാണ്. നബി(ﷺ)യെ അവഹേളിക്കാനായിരുന്നു ദ്വയാര്‍ഥമുള്ള ആ വാക്ക് അവര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഖുര്‍ആന്‍ ആ വാക്ക് നിരോധിക്കുകയും പകരം 'ഞങ്ങളെ നേക്കേണമേ' എന്നര്‍ഥമുള്ള 'ഉന്‍ളുര്‍നാ' എന്ന വാക്ക് നിര്‍ദേശിക്കുകയും ചെയ്യുന്നു. വിശ്വാസികള്‍ പരസ്പരം പുലര്‍ത്തേണ്ട ബഹുമാനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പദപ്രയോഗം പോലും വന്നുപോകാതെ സൂക്ഷിക്കണമെന്ന സൂചന ഇതിലടങ്ങിയിട്ടുണ്ട്.