13) നാട്ടുകാരെല്ലാം ഒരു ഉത്സവത്തിന് പോകാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തിലാണ് ഇബ്രാഹീം നബി (عليه السلام) അവരോട് 85-87 വചനങ്ങളിലുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. 'നക്ഷത്രഫല'ത്തില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരിക്കണം തുടര്‍ന്ന് അദ്ദേഹം നക്ഷത്രങ്ങളുടെ നേരെ നോക്കിക്കൊണ്ട് 'എനിക്ക് അസുഖമാകുന്നു' എന്നുപറഞ്ഞത്. ബഹുദൈവവിശ്വാസത്തില്‍ നിന്ന് തന്റെ ജനതയെ മോചിപ്പിക്കാന്‍ കഴിയാത്തതിലുള്ള മനഃപ്രയാസത്തെ ഉദ്ദേശിച്ചായിരിക്കാം തനിക്ക് അസുഖമാണെന്ന് അദ്ദേഹം പറഞ്ഞത്. നാട്ടുകാര്‍ ഉത്സവത്തിന് പോകുമ്പോള്‍ കൂടെ പോകാതെ നാട്ടില്‍ തങ്ങുന്നതിന് ഒരു ന്യായീകരണമായിട്ടാണ് അദ്ദേഹം ഈ അസുഖം ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാരുടെ അസാന്നിധ്യത്തില്‍ 'വിഗ്രഹഭഞ്ജനം' നടത്താനായിരുന്നല്ലോ അദ്ദേഹം പരിപാടിയിട്ടിരുന്നത്.
14) ഏത് പുത്രനെ ബലിയര്‍പ്പിക്കാനാണ് ഇബ്‌റാഹീം നബി(عليه السلام)ക്ക് കല്പന ലഭിച്ചത്? ഇസ്മാഈലി(عليه السلام)നെയോ ഇസ്ഹാഖി(عليه السلام)നെയോ? യഹൂദ ക്രൈസ്തവർ ഇസ്ഹാഖിനെയാണെന്ന പക്ഷക്കാരാണ്. എന്നാല്‍ ഈ അധ്യായത്തില്‍ ബലിയെ സംബന്ധിച്ച പരാമര്‍ശമെല്ലാം കഴിഞ്ഞശേഷം ഇസ്ഹാഖിനെപ്പറ്റി അല്ലാഹു പ്രത്യേകം വിവരിക്കുന്നു. അതിനാൽ ഇസ്മാഈലിനെയാണ് അറുക്കാൻ കൊണ്ടുപോയതെന്ന അഭിപ്രായമാണ് ശരി. പൂര്‍വികരും ആധുനികരുമായ മുസ്‌ലിം പണ്ഡിതന്മാരില്‍ ഭൂരിഭാഗവും ബലിയര്‍പ്പിക്കപ്പെട്ട പുത്രന്‍ ഇസ്മാഈലാണെന്ന പക്ഷക്കാരാണ്.