1) ഗൂഢാലോചനകളും കരാര്‍ ലംഘനങ്ങളും പതിവാക്കിയിരുന്ന സത്യനിഷേധികളുടെ കാര്യത്തിലുള്ള ഒരു പൊതുവിളംബരമാണിത്. നാലു മാസക്കാലത്തോളം മുസ്‌ലിംകള്‍ യാതൊരാക്രമണവും നടത്തുകയില്ലെന്നും, അതു കഴിഞ്ഞാല്‍ സത്യസന്ധരായ സഖ്യകക്ഷികള്‍ ഒഴിച്ച് മറ്റാരുടെയും നേരെ ആക്രമണം നടത്താന്‍ മടിക്കുകയില്ലെന്നുമുള്ള പ്രഖ്യാപനം.
2) കരാര്‍ പ്രകാരമോ, മുകളില്‍ പരാമര്‍ശിച്ച വിളംബര പ്രകാരമോ ആക്രമണം ആരംഭിക്കാന്‍ പാടില്ലാത്ത കാലപരിധി കഴിഞ്ഞാല്‍ എന്നര്‍ത്ഥം. 'യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ കഴിഞ്ഞാല്‍' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം കല്‍പിച്ചിട്ടുള്ളത്.
3) മുസ്‌ലിംകളുമായി ശത്രുതയില്‍ വര്‍ത്തിക്കുന്നവരുടെ കാര്യമാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതെന്ന് ഇതിന് മുമ്പും പിമ്പുമുളള വചനങ്ങളില്‍ നിന്നും വ്യക്തമാണ്.
4) അവരുടെ സ്വൈര ജീവിതത്തിന് തടസ്സം സൃഷ്ടിക്കരുത് എന്നര്‍ത്ഥം.