35) മനുഷ്യൻ്റെ പ്രകൃതിയില്‍ തന്നെ അടങ്ങിയിട്ടുളള സത്യസാക്ഷ്യത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. മനസ്സ് വികലമായിട്ടില്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും, താന്‍ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ സൃഷ്ടികര്‍ത്താവ് തന്നെ വിസ്മയകരമാം വിധം സൃഷ്ടിച്ചു സംവിധാനിച്ചിരിക്കുകയാണെന്ന്. പിതാവിൻ്റെ മുതുകിൻ്റെ ഭാഗത്ത് രൂപം കൊള്ളുന്ന ബീജത്തിലൂടെ, പ്രത്യുല്‍പാദന കോശത്തിലൂടെ വളര്‍ന്ന് തലമുറ തലമുറയായി ഭുമിയില്‍ നായകത്വം വഹിച്ചുവരുന്ന മനുഷ്യന്‍ തൻ്റെ അസ്തിത്വത്തെപ്പറ്റി നടത്തുന്ന സത്യസന്ധമായ ഏത് അന്വേഷണവും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് നയിക്കുക തന്നെ ചെയ്യും.
36) അല്ലാഹുവിൻ്റെ അസ്ത്വിത്വവും ഏകത്വവുമൊക്കെ തനിക്ക് തീര്‍ത്തും അപരിചിതമായിരുന്നു എന്ന് അല്ലാഹുവിൻ്റെ മുമ്പില്‍ ഒരാള്‍ക്കും പറയാന്‍ കഴിയില്ല; സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടല്ലാതെ.
37) ഇസ്‌റാഈല്യരിലെ ഒരു വേദപണ്ഡിതനെ പറ്റിയാണ് സൂചന. വേദഗ്രന്ഥത്തില്‍ അവഗാഹം നേടിയിട്ടും അയാള്‍ ഭൗതികനേട്ടങ്ങളില്‍ ആകൃഷ്ടനായി അവിശ്വാസത്തിലേക്കും അധാര്‍മികതയിലേക്കും വഴുതിപ്പോവുകയാണുണ്ടായത്.
38) ഉല്‍ബോധനം ലഭിച്ചാലും ഇല്ലെങ്കിലും ദുനിയാവിനോടുളള അവൻ്റെ ആര്‍ത്തിയുടെ കാര്യത്തില്‍ മാറ്റമൊന്നും ഉണ്ടാവുകയില്ല. നാവും തൂക്കിയിട്ട് കിതച്ചുകൊണ്ടോടുന്ന നായയെപ്പോലെ ജീവിത സുഖങ്ങളുടെ പിന്നാലെ കൊതിപൂണ്ട് പായുന്ന നിലപാട് അവന്‍ തുടരും.