1) ഇഹലോകത്ത് ഉന്നതസ്ഥാനമുണ്ടായിരുന്ന പലരുടെയും പദവി അന്ത്യദിനത്തില്‍ താഴ്ത്തപ്പെടുന്നതും, ഇഹലോകത്ത് മര്‍ദ്ദിച്ചൊതുക്കപ്പെടുകയും, അവഹേളിക്കപ്പെടുകയും ചെയ്ത പലര്‍ക്കും അന്ന് ഉയര്‍ന്ന പദവി നല്‍കപ്പെടുന്നതുമാണ്.
2) സത്യവിശ്വാസികളും സല്‍കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക് പരലോകത്ത് അവരുടെ കര്‍മ്മങ്ങളുടെ രേഖ വലതു കയ്യിലായിരിക്കും നല്‍കപ്പെടുകയെന്ന് വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട് (വി:ഖു 17:71, 69:19, 84:7) ഇവിടെ 'വലതു പക്ഷക്കാര്‍' എന്ന വാക്ക് ഇതിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് മിക്ക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. അവിശ്വാസികളും ദുഷ്‌കര്‍മകാരികളുമായിട്ടുള്ളവര്‍ക്ക് പരലോകത്ത് അവരുടെ കര്‍മ്മങ്ങളുടെ രേഖ നല്‍കപ്പെടുന്നത് ഇടതു കയ്യിലായിരിക്കുമെന്ന് വി:ഖു 69:25ല്‍ കാണാം. ഇവിടെ ഇടതുപക്ഷക്കാര്‍ എന്ന് പറഞ്ഞത് ഇവരെ പറ്റിയാണെന്നത്രെ ഭൂരിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം
വലതുപക്ഷം എന്ന അര്‍ത്ഥത്തിനു പുറമെ മൈമനഃ എന്ന വാക്കിന് ഉല്‍കൃഷ്ടത എന്നും അര്‍ത്ഥമുണ്ട്. മശ്അമഃ എന്ന പദത്തിന് ഇടതുപക്ഷം എന്ന അര്‍ത്ഥത്തിനു പുറമെ നികൃഷ്ടത എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ 'അസ്ഹാബുല്‍ മൈമന;' 'അസ്ഹാബുല്‍മശ്അമ' എന്നീ വാക്കുകള്‍ക്ക് യഥാക്രമം ഉല്‍കൃഷ്ടര്‍ എന്നും നികൃഷ്ടര്‍ എന്നുമായിരിക്കും അര്‍ത്ഥം.
3) സ്വര്‍ഗ്ഗാവകാശികളുടെ കൂട്ടത്തില്‍ തന്നെ സത്യവിശ്വാസത്തിന്റെ പൂര്‍ണ്ണത കൊണ്ടും, സല്‍കര്‍മ്മങ്ങളുടെ ആധിക്യം കൊണ്ടും അല്ലാഹുവിങ്കല്‍ കൂടുതല്‍ സാമീപ്യം നേടിയവരും, അതിന്റെ താഴെ പദവികളിലുള്ളവരും ഉണ്ടായിരിക്കുമെന്ന് ഇതില്‍നിന്ന് നമുക്ക് ഗ്രഹിക്കാം.
4) നരകത്തിലെ മരമത്രെ 'സഖ്ഖൂം'. 'ശപിക്കപ്പെട്ട മരം' എന്നാണ് 17:60ല്‍ ഇതിനെപറ്റി പറഞ്ഞിട്ടുള്ളത്. 'ജ്വലിക്കുന്ന നരകത്തിന്റെ അടിയില്‍ മുളച്ചുണ്ടാകുന്ന മരം' എന്നാണ് 37:64ല്‍ അതിനെപ്പറ്റി വിവരിച്ചിട്ടുള്ളത്. ആ വൃക്ഷം അഥവാ അതിന്റെ കനിയായിരിക്കും അധര്‍മകാരികള്‍ക്കുളള ഭക്ഷണമെന്നും അത് അവരുടെ വയറുകളില്‍ ഉരുകിയ ലോഹം പോലെ തിളക്കുമെന്നും 44:43 -46ല്‍ വിവരിച്ചിട്ടുണ്ട്.
5) 'അന്‍ നുബദ്ദില അംഥാലകും' എന്നതിന് 'നിങ്ങളുടെ രൂപമാതൃകകള്‍ മാറ്റുവാന്‍' എന്നാണ് ചില വ്യാഖ്യാതാക്കള്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്.
6) ആദ്യതവണ നിങ്ങളെ സൃഷ്ടിച്ച അല്ലാഹുവിന് പുനഃസൃഷ്ടി ഒട്ടും വിഷമകരമാവില്ലെന്ന് നിങ്ങള്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്നര്‍ത്ഥം.
7) വിത്ത് മുളച്ച് വളര്‍ന്ന് ഉല്പാദനക്ഷമമാകുന്നതില്‍ കര്‍ഷകന് മൗലികമായ ഒരു പങ്കുമില്ല. അല്ലാഹു മാത്രമാണ് അതിനെ വളർത്തിക്കൊണ്ടുവരുന്നവൻ.
9) 'മുഖ്‌വീന്‍' എന്ന വാക്കിന് മരുഭൂവാസികള്‍ എന്നും അര്‍ത്ഥം നല്‍കപ്പെട്ടിട്ടുണ്ട്. മരുഭൂവാസികള്‍ക്കിടയില്‍ ആരെങ്കിലും സദ്യ നടത്തുകയാണങ്കില്‍ അതിലേക്ക് സഞ്ചാരികളേയും മറ്റും ആകര്‍ഷിക്കുവാന്‍ വേണ്ടി ദൂരെ നിന്ന് കാണാവുന്ന വിധത്തില്‍ തീ കത്തിക്കാറുണ്ടായിരുന്നു. രാത്രിയില്‍ വിജനമായ മരുഭൂമിയിലൂടെ സഞ്ചരിക്കുന്നവര്‍ പരിസരത്ത് ജനവാസമുണ്ടെന്ന് മനസ്സിലാക്കിയിരുന്നത് തീനാളങ്ങള്‍ കാണുമ്പോഴായിരുന്നു. വന്യമൃഗങ്ങളെ വിരട്ടാനും അവര്‍ തീ ഉപയോഗിക്കാറുണ്ടായിരുന്നു.
10) മുഹമ്മദ് നബി(ﷺ)ക്ക് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് വിശുദ്ധ ഖുര്‍ആന്‍ 'ലൗഹുൽ മഹ്ഫൂദി' ലാണ് രേഖപ്പെടുത്തിയിരുന്നത്. ലൗഹുൽ മഹ്ഫൂദ്വ് എന്ന വാക്കിന് സംരക്ഷിതഫലകം എന്നാണര്‍ത്ഥം. പ്രസ്തുത ഫലകം പരിശുദ്ധരായ മലക്കുകളല്ലാതെ മറ്റാരും സ്പര്‍ശിക്കുകയില്ലെന്നാണ് ഈ വാക്യത്തിന് മിക്ക വ്യാഖ്യാതാക്കളും വിശദീകരണം നല്കിയിട്ടുള്ളത്. മനസ്സിന് ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആന്‍ ഗ്രഹിക്കുകയില്ലെന്നാണ് ചില വ്യാഖ്യാതാക്കള്‍ വിശദീകരണം നല്കിയിട്ടുള്ളത്.
11) അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ അംഗീകരിക്കുകയും നന്ദിപൂര്‍വ്വം പ്രതികരിക്കുകയും ചെയ്യുന്നതിന് പകരം മഴയെയും വിളയെയും മറ്റും നക്ഷത്രങ്ങളുടെ അഥവാ പ്രകൃതിയുടെ ദാനമായി ചിത്രീകരിക്കുന്നവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചതെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്.