6) സ്വഹാബികളോടൊത്ത് താന്‍ സമാധാനപൂര്‍വം ഉംറഃ നിര്‍വഹിക്കുമെന്ന് സ്വപ്നദര്‍ശനമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് റസൂല്‍(ﷺ) സ്വഹാബികളെ കൂട്ടി മക്കയിലേക്ക് പുറപ്പെട്ടത്. പക്ഷേ ഖുറൈശികള്‍ വഴിയില്‍ അവരെ തടഞ്ഞുനിര്‍ത്തുകയും, ഒരു യുദ്ധത്തിന്റെ വക്കോളമെത്തിയ സംഘര്‍ഷം ഹുദൈബിയാ സന്ധിയില്‍ കലാശിക്കുകയും ഉംറഃ നിര്‍വഹിക്കാതെ റസൂലും സ്വഹാബികളും മദീനയിലേക്ക് മടങ്ങുകയുമാണുണ്ടായത്. നബി(ﷺ)യുടെ സ്വപ്നം സഫലമായില്ലെന്ന് പറഞ്ഞ് കപടവിശ്വാസികളും മറ്റും പരിഹസിക്കാന്‍ തുടങ്ങി. അവര്‍ക്കുള്ള മറുപടിയാണ് ഈ വചനം.
റസൂല്‍(ﷺ) കണ്ടത് പാഴ്ക്കിനാവല്ലെന്നും അല്ലാഹുവിന്റെ സത്യവാഗ്ദാനമാണെന്നും, മക്കയില്‍ ചെന്ന് സമാധാനപൂര്‍വം തീര്‍ത്ഥാടനം നടത്താന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുമെന്ന് ഉറപ്പാണെന്നും, അതിന്റെ മുന്നോടിയായിക്കൊണ്ടുള്ള നിര്‍ണായകമായ ഒരു വിജയമാണ് ഹുദൈബിയാ സന്ധിയിലൂടെ മുസ്‌ലിംകള്‍ നേടിയിരിക്കുന്നതെന്നും ഈ വചനം വ്യക്തമാക്കുന്നു. സന്ധിയുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം തന്നെ റസൂലും(ﷺ) സ്വഹാബികളും സമാധാനപൂര്‍വം ഉംറഃ നിര്‍വഹിക്കുകയുണ്ടായി.