35) ജനവാസമുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ പടിഞ്ഞാറെ അറ്റത്താണ് ദുല്‍ഖര്‍നൈനി എത്തിച്ചേര്‍ന്നതെന്നും, അതിനപ്പുറത്തുള്ള കടലിലാണ് സൂര്യന്‍ അസ്തമിച്ച് മറഞ്ഞുപോകുന്നതെന്ന് അന്ന് ജനങ്ങള്‍ കരുതിയിരുന്നുവെന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് മദ്ധ്യധരണ്യാഴിയുടെയോ അറ്റ്‌ലാന്റിക്കിൻ്റെയോ കിഴക്കന്‍ തീരമാകാം.
കടല്‍ക്കരയില്‍ നിന്ന് അസ്തമനം വീക്ഷിക്കുന്ന ഒരാള്‍ക്ക് ചെളി കലങ്ങിയ വെള്ളത്തിലേക്ക് സൂര്യന്‍ താഴ്ന്നു പോകുന്നതായിട്ടാണ് തോന്നുക.
36) ഒരു ചക്രവര്‍ത്തിക്ക് അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളില്‍ ദുര്‍ഭരണം നടത്തി ജനങ്ങളെ പീഡിപ്പിക്കാനും, സല്‍ഭരണത്തിലൂടെ ജനങ്ങളെ നല്ല നിലയിലെത്തിക്കാനും കഴിയും. അതില്‍ ഏത് തെരഞ്ഞെടുക്കുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അദ്ദേഹത്തിൻ്റെ ജയാപജയങ്ങള്‍.
37) അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരോട് അദ്ദേഹം നല്ലനിലയിൽ വർത്തിക്കുമെന്നർത്ഥം. ദുൽഖർനൈൻ നല്ലവനായ ഒരു രാജാവായിരുന്നു എന്നതിന് തെളിവാണ് ഈ വചനം.
38) കിഴക്കോട്ട് യാത്ര ചെയ്തിട്ട് അന്ന് ജനവാസമുണ്ടായിരുന്ന ഭൂപ്രദേശങ്ങളുടെ കിഴക്കെ അറ്റത്ത് അദ്ദേഹം എത്തി എന്നാണ് വ്യാഖ്യാതാക്കള്‍ ഇതിന് വിശദീകരണം നല്കിയിട്ടുള്ളത്.
39) വെയിലില്‍ നിന്ന് രക്ഷ ലഭിക്കാന്‍ വേണ്ടി വസ്ത്രം ധരിക്കുകയോ, വീടുകളില്‍ അഭയം പ്രാപിക്കുകയോ ചെയ്യുന്ന സമ്പ്രദായം അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നര്‍ഥം.
40) പശ്ചിമദേശത്തുള്ളവരുടെ കാര്യത്തില്‍ ചെയ്തതുപോലെതന്നെ പൂര്‍വദേശത്തുള്ളവരുടെ കാര്യത്തിലും അദ്ദേഹം ചെയ്തു എന്നാണ് വിവക്ഷ.
41) യഅ്ജൂജ് - മഅ്ജൂജ് മനുഷ്യരിൽ പെട്ട നാശകാരികളായ വിഭാഗമാണ്. അന്ത്യനാളടുത്താൽ അവർ പുറപ്പെട്ടുവരികയും ഭൂമിയിൽ വലിയ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്.
42) യഅ്ജൂജിന്റെയും മഅ്ജൂജിന്റെയും ആക്രമണം തടയാന്‍ വേണ്ടി ദുല്‍ഖര്‍നൈനി കെട്ടിക്കൊടുത്ത മതില്‍ക്കെട്ട് എവിടെയാണെന്ന കാര്യം കൃത്യമായി നമുക്കറിയില്ല.