6) ഭൗതികജീവിതത്തിന്‍റെ ലക്ഷ്യം അനശ്വരമായ പരലോകവിജയമായിരിക്കണം. നശ്വരമായ ഐഹികനേട്ടങ്ങള്‍ മഹനീയമായ മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യമായിരിക്കാന്‍ യോഗ്യമല്ല. ഭൗതികമായ സുഖസൗകര്യങ്ങളൊക്കെ വെടിയണമെന്നല്ല അവയെ ആത്യന്തിക ലക്ഷ്യത്തിലെത്താനുളള ഉപാധികളായി സ്വീകരിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ഇഹലോകത്തെ തന്നെ ജീവിതലക്ഷ്യമായി സ്വീകരിക്കുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗം. അവര്‍ക്ക് ദുന്‍യാവില്‍ അവര്‍ അഭിലഷിക്കുന്നത് നല്‍കാന്‍ അല്ലാഹു മടിക്കുകയില്ല. പക്ഷെ, പരലോകത്ത് അവര്‍ക്ക് നരകമല്ലാതൊന്നും ഉണ്ടാവുകയില്ല.
7) ഈ ആയത്തിലെ 'യത്‌ലൂ' എന്ന വാക്കിന് 'തുടര്‍ന്നു വരുന്നു' എന്നും, 'വായിച്ചു കേള്‍പിക്കുന്നു' എന്നും അര്‍ത്ഥമാകാവുന്നതാണ്. 'ബയ്യിനത്ത്' (തെളിവ്) എന്നതു കൊണ്ടുളള ഉദ്ദേശ്യം ബുദ്ധിപരമായ തെളിവും വേദപ്രമാണവും ആകാവുന്നതാണ്. ഈ വചനം ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ നിന്ന് ഖുര്‍ആനില്‍ വിശ്വസിച്ചവരെപറ്റി ആയിരിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്. ഇന്‍ജീലി (സുവിശേഷം) നെയാണല്ലോ അവര്‍ അവലംബിച്ചിരുന്നത്. അതിന്‍റെ മൂലം അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്നതിന് സാക്ഷ്യം വഹിക്കുന്ന ഖുര്‍ആന്‍ അതിനെ തുടര്‍ന്നു വരുന്നു. അതിന്‍റെ മുമ്പ് വന്ന മൂസാ(عليه السلام)യുടെ വേദഗ്രന്ഥമായ തൗറാത്തും അവരുടെ പക്കലുണ്ട്. അതുകൊണ്ട് സംശയരഹിതമായി അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നു.