39 ഓരോ അവകാശിക്കുമുള്ള വിഹിതം കൃത്യമായി നിശ്ചയിച്ചുകൊണ്ടുള്ള അനന്തരാവകാശ നിയമത്തിൻ്റെ ആയത്തുകള്‍ അവതരിക്കുന്നതിന് മുമ്പാണ് വസ്വിയ്യത്ത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഈ ആയത്ത് അവതരിച്ചത്. മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമുള്ള വിഹിതം നിയമപ്രകാരം നിര്‍ണയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അവര്‍ക്കുവേണ്ടി വസ്വിയ്യത്ത് ചെയ്യേണ്ട പ്രശ്‌നമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. 'അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല' എന്ന നബിവചനം ഈ അഭിപ്രായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അടുത്ത ബന്ധുക്കളില്‍ ചിലര്‍ കഷ്ടതയനുഭവിക്കുന്നവരും ചിലര്‍ സമ്പന്നരുമായിരിക്കുന്ന സന്ദര്‍ഭത്തിലും മാതാപിതാക്കള്‍ അമുസ്‌ലിംകളായിരിക്കുന്ന സന്ദര്‍ഭത്തിലും നിയമാനുസൃത അവകാശികളല്ലാത്ത അടുത്ത ബന്ധുക്കളുള്ള സന്ദര്‍ഭത്തിലും വസ്വിയ്യത്തിൻ്റെ വിധി(ആകെ സ്വത്തിൻ്റെ മൂന്നിലൊന്നില്‍ കവിയരുതെന്ന വ്യവസ്ഥയോടെ) പ്രസക്തമായി തുടരുന്നുവെന്നാണ് സൂക്ഷ്മവീക്ഷണക്കാരായ പണ്ഡിതന്മാരുടെ അഭിപ്രായം.