1) അല്ലാഹു മുഹമ്മദ് നബി(ﷺ)യെ ഒരു രാത്രിയില്‍ മക്കയില്‍ നിന്ന് ആദ്യം ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ(അല്‍ബൈത്തുല്‍ മുഖദ്ദസ്)യിലേക്കും, പിന്നീട് അവിടെനിന്ന് ആകാശങ്ങളിലേക്കും കൊണ്ടുപോവുകയും, മക്കയില്‍ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. ഒരു 'മുഅ്ജിസത്ത്' (അസാധാരണ സംഭവം) ആയിരുന്നു ഇത്. ഹിജ്‌റയുടെ ഒരു വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ 17ാം രാത്രിയിലായിരുന്നു ഈ സംഭവമെന്ന് ചില വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
മസ്ജിദുല്‍ അഖ്‌സായിലേക്കുളള നിശായാത്രക്ക് ഇസ്രാഅ് എന്നും, തുടര്‍ന്നുളള ആകാശയാത്രയ്ക്ക് മിഅ്‌റാജ് എന്നും പറയുന്നു. കൃഷിയിടങ്ങളും, തോട്ടങ്ങളുംകൊണ്ട് സമൃദ്ധവും, അധിവാസ യോഗ്യവുമായ ഭൂപ്രദേശമത്രെ മസ്ജിദുല്‍ അഖ്‌സായുടെ പരിസരം.
2) നിങ്ങളെ കൊല്ലാനും, സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യാനുംവേണ്ടി നിങ്ങളുടെ അധിവാസകേന്ദ്രങ്ങളിലാകെ അവര്‍ തെരച്ചില്‍ നടത്തും എന്നര്‍ത്ഥം.
3) വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ച ഈ സംഭവം ഏതെന്ന കാര്യത്തില്‍ വ്യാഖ്യാതാക്കള്‍ ഏകാഭിപ്രായക്കാരല്ല. യഹൂദന്മാരുടെ നേരെ ആക്രമണം അഴിച്ചുവിട്ട മൂന്ന് രാജാക്കന്മാരുടെ പേര് ഇതോടനുബന്ധിച്ച് പറയപ്പെടുന്നുണ്ട്. ഒന്ന്, ജാലൂത്ത് അഥവാ ഗോലിയത്ത്. രണ്ട്, ബാബിലോണിലെ സിന്‍ഹാരിബ്. മൂന്ന്, ബുഖ്തുനസ്സര്‍ അഥവാ നെബുക്കഡ് നസ്സര്‍ എന്ന ബാബിലോണിയന്‍ ചക്രവര്‍ത്തി. യഹൂദന്മാര്‍ അതിക്രമത്തിൻ്റെയും അഹങ്കാരത്തിൻ്റെയും ഔന്നത്യത്തിലായിരിക്കെ കനത്ത ആക്രമണത്തിലൂടെ അവരെ തൂത്തുവാരിയ ഉഗ്രപരാക്രമശാലിയെപറ്റി ഇവിടെയുളള വിവരണം നെബുക്കഡ് നസ്സറിൻ്റെ ചരിത്രവുമായാണ് കൂടുതല്‍ യോജിക്കുന്നത്.
4) പിന്നീട് ശത്രുക്കള്‍ക്കെതിരില്‍ യഹൂദന്മാര്‍ വിജയം കൈവരിക്കുകയും, തടവുകാരെ മോചിപ്പിക്കുകയും, കൊളളമുതലുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
5) ഇസ്രായീല്യര്‍ അതിക്രമത്തിൻ്റെയും അഹങ്കാരത്തിൻ്റെയും പാരമ്യത്തിലെത്തുകയും, തുടര്‍ന്ന് ശത്രുക്കളുടെ കയ്യാല്‍ അല്ലാഹു അവര്‍ക്ക് നാശമേല്‍പിക്കുകയും ചെയ്യുന്ന രണ്ടാമത്തെ സന്ദര്‍ഭം ഇതിനകം കഴിഞ്ഞുപോയിട്ടുണ്ടോ? അതല്ല, ഇനിയും വരാനിരിക്കുകയാണോ എന്നൊന്നും തീര്‍ത്തുപറയാന്‍ ഖണ്ഡിതമായ തെളിവുകളില്ല. അസ്പിയാനോസ് എന്ന് പേരുളള റോമന്‍ ചക്രവര്‍ത്തി യഹൂദരുടെ നേരെ നടത്തിയ ആക്രമണമാണ് ഈ രണ്ടാമത്തെ സന്ദര്‍ഭമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.