7) തൗറാത്ത് അഥവാ മൂസാ നബി(عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട വേദം അവികലമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. ബൈബിള്‍ പഴയനിയമത്തിലെ പല പുസ്തകങ്ങളിലായി തൗറാത്തിലെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പഴയനിയമമാണ് തൗറാത്തെന്ന് സാമാന്യമായി പറയപ്പെടുന്നു. പഴയനിയമത്തിലെ സംഖ്യാപുസ്തകത്തില്‍ സാഷ്ടാംഗ നിരതരായ സത്യവിശ്വാസികളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്‍ജീല്‍ അഥവാ ഈസാ നബി(عليه السلام)ക്ക് അവതരിപ്പിക്കപ്പെട്ട വേദവും അന്യൂനമായി നമ്മുടെ മുമ്പിലില്ല. ബൈബിള്‍ പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളിലായി ഇന്‍ജീലിന്റെ പല ഭാഗങ്ങള്‍ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ പുതിയനിയമമാണ് ഇന്‍ജീലെന്ന് സാമാന്യമായി പറയപ്പെടുന്നു. ഒരു വിത്ത് ക്രമപ്രവൃദ്ധമായി വളര്‍ന്ന് കരുത്താര്‍ജിക്കുന്നതിന്റെ ഉപമ മാര്‍ക്കോസ് സുവിശേഷത്തില്‍ കാണാം.