1) ഹുദൈബിയായില്‍ വെച്ച് നബി(ﷺ)യും ശത്രുക്കളും തമ്മിലുണ്ടായ സന്ധിയെയാണ് പ്രത്യക്ഷമായ വിജയമെന്ന് ഇവിടെ വിശേഷിപ്പിച്ചതെന്നാണ് പല വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുള്ളത്. മക്കാ വിജയം ഉള്‍പ്പെടെ ഇസ്‌ലാം അറേബ്യയില്‍ നേടിയ വന്‍ വിജയങ്ങള്‍ക്ക് വഴിയൊരുക്കിയത് ഹുദൈബിയാ സന്ധിയാണ്. ആ സന്ധി കഴിഞ്ഞ് നബി(ﷺ) മദീനയിലേക്ക് മടങ്ങുമ്പോഴാണ് ഈ അധ്യായം അവതരിച്ചത്. മക്കാവിജയത്തെപ്പറ്റിയുള്ള ഒരു പ്രവചനമാണ് ഒന്നാം വചനമെന്നാണ് മറ്റു ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. രണ്ടും ഉദ്ദേശ്യമാകാം.
2) നയങ്ങളിലും സമീപനങ്ങളിലും വരുന്ന ചില്ലറ പിഴവുകളാണ് ഇവിടെ പാപം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
3) ഹുദൈബിയ സന്ധിക്ക് മുമ്പ് ഒരു സംഘട്ടനമുണ്ടാകുമെന്ന ആശങ്കയുണ്ടായ സമയത്ത് ദൃഢവിശ്വാസമില്ലാത്ത ചിലര്‍ പിന്മാറിയപ്പോള്‍ നിഷ്‌കളങ്കമായ വിശ്വാസമുള്ള സ്വഹാബികള്‍ മരണം വരെ നബി(ﷺ)യോടൊപ്പം നിലകൊള്ളുമെന്ന് പ്രതിജ്ഞയെടുക്കുകയുണ്ടായി. ആ സത്യവിശ്വാസികളുടെ മനസ്സമാധാനത്തെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.