തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ.
തങ്ങള്‍ക്കു മാര്‍ഗദര്‍ശനം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്നതിന് ജനങ്ങള്‍ക്ക് തടസ്സമായത് പൂര്‍വ്വികന്‍മാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവര്‍ക്കും വരണം അല്ലെങ്കില്‍ അവര്‍ക്ക് നേരിട്ട് ശിക്ഷ വരണം എന്ന അവരുടെ നിലപാട് മാത്രമാകുന്നു.(24)
24) അല്ലാഹുവിൻ്റെ ശിക്ഷയെപ്പറ്റി പ്രവാചകന്മാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോഴൊക്കെ സത്യനിഷേധികളുടെ പ്രതികരണം 'ആ ശിക്ഷ വരട്ടെ അത് കണ്ടിട്ടാകാം ഞങ്ങള്‍ വിശ്വസിക്കുന്നത്' എന്നായിരുന്നു. ശിക്ഷ വന്നപ്പോള്‍ അവര്‍ക്ക് ഒട്ടും സാവകാശം നല്‍കപ്പെടുകയുണ്ടായില്ല.
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്തുകളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട് അതില്‍ നിന്ന് തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് (ദുഷ്കര്‍മ്മങ്ങള്‍) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്? തീര്‍ച്ചയായും അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര(അടപ്പ്)വും ഏര്‍പെടുത്തിയിരിക്കുന്നു. (അങ്ങനെയിരിക്കെ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.
നിന്‍റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവര്‍ ചെയ്തുകൂട്ടിയതിന് അവന്‍ അവര്‍ക്കെതിരില്‍ നടപടി എടുക്കുകയായിരുന്നെങ്കില്‍ അവര്‍ക്കവന്‍ ഉടന്‍ തന്നെ ശിക്ഷ നല്‍കുമായിരുന്നു. പക്ഷെ അവര്‍ക്കൊരു നിശ്ചിത അവധിയുണ്ട്. അതിനെ മറികടന്നുകൊണ്ട് രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവര്‍ കണ്ടെത്തുകയേയില്ല.
മൂസാ തന്‍റെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ഞാന്‍ രണ്ട് കടലുകള്‍ കൂടിച്ചേരുന്നിടത്ത് എത്തുകയോ, അല്ലെങ്കില്‍ സുദീര്‍ഘമായ ഒരു കാലഘട്ടം മുഴുവന്‍ നടന്നു കഴിയുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ യാത്ര) തുടര്‍ന്നു കൊണ്ടേയിരിക്കും.
അങ്ങനെ അവര്‍ അവ (കടലുകള്‍) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോള്‍ തങ്ങളുടെ മത്സ്യത്തിന്‍റെ കാര്യം മറന്നുപോയി.(25) അങ്ങനെ അത് കടലില്‍ (ചാടി) അത് പോയ മാര്‍ഗം ഒരു തുരങ്കം (പോലെ) ആക്കിത്തീര്‍ത്തു.(26)
25) അല്ലാഹുവിൻ്റെ നിര്‍ദേശപ്രകാരം അവര്‍ കൊണ്ടുപോയതായിരുന്നു ആ മത്സ്യമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
26) മൂസാ നബി(عليه السلام)യെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുവേണ്ടി അല്ലാഹു സ്വീകരിച്ച അസാധാരണ നടപടികളുടെ ഭാഗമായിരുന്നു മത്സ്യം പോയ ഭാഗം കടലില്‍ ഒരു തുരങ്കം പോലെ കിടന്നത്.