1) മാനസികമായി എന്തോ കുഴപ്പം ബാധിച്ച വ്യക്തിയാണ് നബി(ﷺ)യെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണിത്. ഇരുപത്തി മൂന്നുവര്‍ഷക്കാലം തികഞ്ഞ മനസ്സാന്നിധ്യത്തോടെ പ്രബോധന ദൗത്യം വിജയകരമായി നിര്‍വഹിച്ച നബി(ﷺ) അന്യൂനവും അവികലവുമായ ഒരു മനസ്സിന്റെ ഉടമയായിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്.
2) ഇസ്‌ലാമിന്റെ വിശ്വാസാദര്‍ശങ്ങള്‍ നിഷ്‌കൃഷ്ടമായി പ്രബോധനം ചെയ്യുന്നതിനുപകരം ജാഹിലിയ്യത്തിന്റെ ചില അംശങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്ന ഒരു നിലപാട് സ്വീകരിക്കാന്‍ നബി(ﷺ) സന്നദ്ധനാകുന്ന പക്ഷം അറേബ്യയിലെ ബഹുദൈവാരാധകര്‍ നബി(ﷺ)യോടും വിട്ടുവീഴ്ച ചെയ്യാന്‍ സന്നദ്ധരായിരുന്നു.
3) ചില നുണയന്മാരുണ്ട്. സാധാരണനിലയില്‍ അവരുടെ വാക്കുകള്‍ പലരും മുഖവിലക്കെടുക്കുകയില്ല. അവര്‍ക്ക് തന്നെ ഇത് നന്നായി അറിയാം. അതിനാല്‍ അവര്‍ എന്തു പറയുമ്പോഴും മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കാനുള്ള നിര്‍ബന്ധബുദ്ധി നിമിത്തം ആണയിട്ടുകൊണ്ടിരിക്കും.
4) നബി(ﷺ)യെയും അനുയായികളെയും ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള ഹീനമായ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്ന വലീദുബ്‌നു മുഗീറയുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചതെങ്കിലും പരാമൃഷ്ട ദുര്‍ഗുണങ്ങളുള്ള എല്ലാവര്‍ക്കും ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ബാധകമാണ്.