7 ഖലീഫ എന്ന പദത്തിന് പിന്‍ഗാമി, പകരം നിൽക്കുന്നവന്‍, പ്രതിനിധി എന്നൊക്കെയാണ് അര്‍ഥം. ഇത് ആദം നബി(عليه السلام)യെ മാത്രം ഉദ്ദേശിച്ചുള്ള ഏകവചനമാകാം. മനുഷ്യരാശിയെ ആകെ ഉള്‍ക്കൊള്ളുന്ന വര്‍ഗനാമവുമാകാം. ഓരോ മനുഷ്യനും തൻറെ മുന്‍ഗാമിയുടെ പൈതൃകമേറ്റെടുത്തുകൊണ്ട് നാഗരികതയെ പരിപോഷിപ്പിക്കുന്നു. ഓരോ തലമുറയും പോയ തലമുറയ്ക്കുപകരം ജീവിതരംഗത്ത് ആധിപത്യം സ്ഥാപിക്കുന്നു. എല്ലാ ചരാചരങ്ങളും അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമത്തിന് വിധേയമായി വര്‍ത്തിക്കാന്‍ വിധിക്കപ്പെട്ടവയാണ്. അവരിൽ മനുഷ്യന്‍ ഒരളവോളം ഭൗതികവസ്തുക്കളുടെ മേല്‍ നിയന്ത്രണാധികാരമുള്ള സ്ഥാനപതിയായി ഭൂമിയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.
8 ഒരു വസ്തുവിൻ്റെ പേര്, അതിൻ്റെ ബാഹ്യവും ആന്തരികവുമായ ഘടനയെ സൂചിപ്പിക്കുന്നു. പേരും പൊരുളും അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു. മനുഷ്യന്‍ ഏത് വസ്തുവെയും വസ്തുതയെയും തൻ്റെ വ്യാവഹാരിക മേഖലയില്‍ കൊണ്ടുവരുന്നത് അതിന് ഒരു പേരിട്ടുകൊണ്ടാണ്. നാമകരണത്തിനുള്ള സിദ്ധി ആദിമ മനുഷ്യനു തന്നെ നല്കപ്പെട്ടിരുന്നുവെന്ന് ഈ വചനം വ്യക്തമാക്കുന്നു.
9 ആ വൃക്ഷം അനശ്വരത നേടിത്തരുന്നതാണെന്ന് പറഞ്ഞ് പിശാച് ആദം ദമ്പതികളെ പ്രലോഭിപ്പിക്കുകയാണ് ചെയ്തത്.
10 തെറ്റും ശരിയും സത്യവും അസത്യവും വിവേചിച്ചറിഞ്ഞ് ജീവിതം നയിക്കാന്‍ ബാധ്യസ്ഥനായ മനുഷ്യന്‍ ആദ്യമായി നേരിട്ട ജീവിതപരീക്ഷയത്രെ ഇത്. ഗുണകാംക്ഷിയായ ആത്മസുഹൃത്തിൻ്റെ വേഷത്തില്‍ വരുന്ന സാക്ഷാല്‍ ശത്രുവായ പിശാചിൻ്റെ കരുത്ത് അവിസ്മരണീയമായ ഒരനുഭവത്തിലൂടെ മനുഷ്യന്‍ ഇവിടെ കണ്ടെത്തുന്നു.