22) ഉഹ്ദ് യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് വിശുദ്ധഖുര്‍ആന്‍ ശ്രദ്ധ തിരിക്കുന്നു. റസൂല്‍(ﷺ) കാലാള്‍പ്പടയെയും, കുതിരപ്പടയെയും, അസ്ത്രവിദഗ്ധരെയും പ്രത്യേകം സ്ഥാനങ്ങളില്‍ നിര്‍ത്തിക്കൊണ്ടാണ് യുദ്ധം നിയന്ത്രിച്ചത്. തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് കാവല്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയതു കൊണ്ടാണ് ഉഹ്ദില്‍ മുസ്‌ലിംകള്‍ക്ക് ചില നഷ്ടങ്ങള്‍ സംഭവിച്ചത്. പടക്കളത്തില്‍ ഇറങ്ങി പൊരുതിയിരുന്നവരില്‍ തന്നെ രണ്ട് ഗോത്രക്കാര്‍ കഠിനമായ ഭയം നിമിത്തം പിന്തിരിഞ്ഞ് ഓടുന്നതിനെപ്പറ്റി ഒരു നിമിഷം ചിന്തിച്ചു പോയെങ്കിലും അല്ലാഹു അവരുടെ മനസ്സിന് ഉറപ്പു നല്‍കിയ കാര്യവും ഇവിടെ അനുസ്മരിക്കുന്നു.
23) ബദ്‌റില്‍ മലക്കുകളുടെ പിന്‍ബലം അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവിടെ പരാമര്‍ശിച്ചത് അല്ലാഹുവിന്‍റെ വാഗ്ദാനമാണ്. അവന്‍ വാഗ്ദാനം നിറവേറ്റുന്നത് ആവശ്യത്തിന്‍റെ തോതനുസരിച്ചാണ്. എത്ര മലക്കുകളെയാണ് ബദ്‌റില്‍ നിയോഗിച്ചതെന്നോ, അവര്‍ യുദ്ധത്തില്‍ ഏതു തരത്തിലുള്ള പങ്കാണ് വഹിച്ചതെന്നോ വ്യക്തമാക്കുന്ന സ്ഥിരപ്പെട്ട റിപ്പോര്‍ട്ടുകളില്ല.
24) ചില പ്രത്യേക വ്യക്തികളെ ശപിക്കാന്‍ വേണ്ടി നബി(ﷺ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചപ്പോഴാണ് ഏതു കാര്യത്തിൻ്റെയും തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണെന്ന് വ്യക്താക്കുന്ന ഈ ആയത്ത് അവതരിപ്പിച്ചതെന്ന് ബുഖാരിയും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. (ബുഖാരി: 4549)