1) അല്ലാഹുവിന്റെ കല്‍പന എന്ന വാക്ക് കൊണ്ടുളള വിവക്ഷ ഈ ലോകത്തിന് അന്ത്യം കുറിച്ചുകൊണ്ടുളള കല്‍പനയാകാം. സത്യനിഷേധികള്‍ക്ക് പരാജയമോ നാശമോ വിധിച്ചുകൊണ്ടുളള കല്‍പനയുമാകാം. മനുഷ്യര്‍ക്ക് വിദൂരമായി തോന്നുന്ന കാര്യം അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഒട്ടും വിദൂരമല്ലെന്നും, എന്നാല്‍ അല്ലാഹു നിശ്ചയിച്ച കാര്യത്തിനു വേണ്ടി മനുഷ്യന്‍ തിടുക്കം കൂട്ടുന്നത് ശരിയല്ലെന്നും ഈ വചനം നമ്മെ ഉണര്‍ത്തുന്നു.
2) അല്ലാഹുവിൻ്റെ സന്ദേശം നിര്‍ജീവമായ മനസ്സുകള്‍ക്ക് ജീവന്‍ നല്‍കുന്നതിനാലാണ് അതിന് 'റൂഹ്' (ജീവചൈതന്യം) എന്ന പദം പ്രയോഗിച്ചത്.
3) എത്ര വലിയ വ്യക്തിത്വത്തിൻ്റെ ഉടമയും ഒരു ശുക്ലബിന്ദുവില്‍ നിന്ന്, ബീജത്തില്‍ നിന്ന് വളര്‍ന്നുവന്നവനാണ്. അല്ലാഹുവിൻ്റെ സൃഷ്ടിനിയമമനുസരിച്ചാണ് അവന്‍ വളര്‍ന്നുവന്നത്. എന്നിട്ട് ഇപ്പോള്‍ അവന്‍ തന്നെ സൃഷ്ടിച്ച റബ്ബിനെതിരില്‍ വാദിക്കാന്‍ തുടങ്ങിയിരിക്കയാണ്.