1) ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് അധീനമായ സ്വത്തുക്കള്‍ വിഭജിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുന്നയിച്ചവര്‍ക്കുള്ള മറുപടിയാണിത്. അല്ലാഹുവും റസൂലും നിശ്ചയിക്കുന്ന വിധത്തിലാണ് യുദ്ധാര്‍ജിതസ്വത്ത് വിഭജിക്കുക. 41-ാം വാക്യത്തില്‍ കൂടുതല്‍ വിശദീകരണം കാണാം.
2) ബദ്‌റിലേക്ക് നബി(ﷺ) പുറപ്പെട്ടപ്പോഴും അത് ഇഷ്ടപ്പെടാത്തവരുണ്ടായിരുന്നു. ഒന്നുകില്‍ ഖുറൈശികളുടെ കച്ചവടസംഘത്തെ (അഥവാ ആയുധബലമില്ലാത്ത സംഘത്തെ) കീഴടക്കാന്‍ കഴിഞ്ഞേക്കും. അല്ലെങ്കില്‍ ഖുറൈശികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരും എന്നായിരുന്നു നബി(ﷺ) മുഖേന അല്ലാഹു അവരെ അറിയിച്ചിരുന്നത്. യുദ്ധത്തിന് പോകുന്ന കാര്യത്തില്‍ ചിലര്‍ക്ക് കടുത്ത മനപ്രയാസം ഉണ്ടായിരുന്നു. കച്ചവടച്ചരക്കുകള്‍ പിടിച്ചെടുക്കാന്‍ കഴിയണമെന്നും, ഖുറൈശി സൈന്യവുമായി ഏറ്റുമുട്ടാന്‍ ഇടവരരുതെന്നുമായിരുന്നു അവരുടെ മോഹം. എന്നാല്‍ അല്ലാഹു വിധിച്ചത് നിര്‍ണായകമായ ബദ്ര്‍ യുദ്ധം നടക്കണമെന്ന് തന്നെയായിരുന്നു. അല്ലാഹു അസത്യത്തിനെതിരില്‍ സത്യത്തെ തെളിയിച്ചു കാണിച്ചു.