1) മനുഷ്യന്റെ പ്രകൃതി തന്നെ അല്ലാഹുവിന്റെ സാന്നിധ്യത്തെപ്പറ്റി ഉറപ്പ് നല്‍കുന്നുവെന്നും ആ ഉറപ്പാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നതെന്നുമാണ് ഒരു വിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം. അല്ലാഹു ആത്മീയമായ ഒരു ലോകത്ത് വെച്ച് എല്ലാ മനുഷ്യരെ കൊണ്ടും ഏകദൈവവിശ്വാസം സംബന്ധിച്ച് കരാര്‍ ചെയ്യിച്ചിട്ടുണ്ടെന്നും അതാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നതെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കളുടെ പക്ഷം.
2) ഇസ്‌ലാം ഏറ്റവും ശക്തിയായി എതിര്‍ക്കപ്പെടുകയും, മുസ്‌ലിംകള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത ആദ്യകാലത്ത് വിശ്വാസം പ്രഖ്യാപിക്കുകയും, ആക്രമണകാരികളോട് പോരാടുകയും ചെയ്തവരുടെ പദവി അത്യുന്നതമത്രെ. പിന്നീട് വിശ്വസിച്ച് ത്യാഗസമരങ്ങളിലേര്‍പ്പെട്ടവര്‍ക്കും അല്ലാഹു വിശിഷ്ടമായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
3) കാരണം അതാണ് മുഅ്മിനുകളോട് ചേർന്നുള്ള ഭാഗം.
4) ഒരു പ്രവാചകന്റെ വിയോഗത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ വിസ്മരിക്കുകയും, ധാര്‍മ്മികോപദേശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത വിധം കഠിനമനസ്‌കരായിത്തീരുകയുമായിരുന്നു പൂര്‍വ്വ സമുദായങ്ങളുടെ പതിവ്. മുസ്‌ലിംകള്‍ അത്തരത്തിലാകരുതെന്ന് ഈ വചനം ഉദ്‌ബോധിപ്പിക്കുന്നു.
5) നഷ്ടങ്ങളും കെടുതികളും സംഭവിക്കുന്നത് അല്ലാഹുവിന്റെ യുക്തിയും തീരുമാനവും അനുസരിച്ചാണെന്ന് വിശ്വസിക്കുന്ന വ്യക്തിക്ക് വിഷമ ഘട്ടങ്ങളില്‍ ക്ഷമിക്കാന്‍ കഴിയുന്നു. ഏതു നേട്ടവും അല്ലാഹുവിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന വ്യക്തി നേട്ടങ്ങളില്‍ മതിമറന്ന് ആഹ്ളാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യില്ല.
6) അല്ലാഹുവിന്റെ സന്തുലിതമായ നിയമങ്ങളായിരിക്കാം 'തുലാസ്' എന്ന പദം കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത്.
7) അല്ലാഹു തന്റെ അത്യുന്നതമായ കഴിവുകൊണ്ട് മനുഷ്യര്‍ക്ക് സജ്ജമാക്കിക്കൊടുത്ത പല കാര്യങ്ങളെപ്പറ്റിയും പറഞ്ഞേടത്ത് വിശുദ്ധഖുര്‍ആനില്‍ 'ഇറക്കിക്കൊടുത്തു' എന്ന ശൈലി പ്രയോഗിച്ചതായി കാണാം. മനുഷ്യരാശിക്ക് അളവറ്റ നേട്ടങ്ങളുണ്ടാക്കിക്കൊടുത്ത ലോഹമാണ് ഇരുമ്പ്. അസംഖ്യം മനുഷ്യരുടെ മരണത്തിന് വഴിയൊരുക്കിയതും ഇരുമ്പുകൊണ്ട് നിര്‍മിച്ച ആയുധങ്ങള്‍ തന്നെ. ലോഹങ്ങളും ധാതുക്കളും അടങ്ങുന്ന പദാര്‍ത്ഥലോകം അല്ലാഹുവിന്റെ ദാനമാണ്. അതിന്റെ നേര്‍ക്ക് മനുഷ്യന്‍ കൈക്കൊള്ളുന്ന സമീപനമനുസരിച്ചായിരിക്കും അതുകൊണ്ടുള്ള നേട്ടകോട്ടങ്ങള്‍.
8) ഈസാ നബി(عليه السلام) വരെയുള്ള പ്രവാചകന്മാരെ ആ നിലയില്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ വിലയിരുത്തുന്നത്. പക്ഷേ ഈസാനബി(عليه السلام) പ്രവാചകനല്ല. അല്ലാഹുവിന്റെ പുത്രനാണെന്നാണ് അവരുടെ വാദം. അതിനെ ഖണ്ഡിച്ചുകൊണ്ട് ഈസാ നബി(عليه السلام)യും പ്രവാചകപരമ്പരയിലെ ഒരംഗം തന്നെയാണെന്നാണ് ഈ വചനം ഊന്നിപ്പറയുന്നത്.
9) ബ്രഹ്മചര്യവും വനവാസവും മതകീയജീവിതത്തിന്റെ പൂര്‍ണതയായി പലരും കാണുന്നു. ഇസ്‌ലാം ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. പച്ചമനുഷ്യരായി ജീവിച്ചുകൊണ്ടുതന്നെ സത്യത്തിന്റെ സാക്ഷികളായിരിക്കുകയും, പ്രതികൂല സാഹചര്യങ്ങളെ അതിജയിക്കുകയും ചെയ്യുന്നതിലാണ് ഇസ്‌ലാം മഹത്വം ദര്‍ശിക്കുന്നത്.
10) പൂര്‍വവേദങ്ങളില്‍ വിശ്വസിച്ചിരുന്ന യഹൂദരുടെയും ക്രിസ്ത്യാനികളുടെയും കൂട്ടത്തില്‍ നിന്ന് ഇസ്‌ലാം ആശ്ലേഷിച്ചവരെപ്പറ്റിയാണ് ഈ വചനത്തിലെ പരാമര്‍ശമെന്നും ഇസ്‌ലാമിനു മുമ്പ് തൗറാത്തിലോ ഇന്‍ജീലിലോ വിശ്വസിച്ചതിന് അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഒരു വിഹിതവും, അനന്തരം വിശുദ്ധ ഖുര്‍ആനില്‍ വിശ്വസിച്ചതിന് രണ്ടാമതൊരു വിഹിതവും അവര്‍ക്കുണ്ടായിരിക്കുമെന്നും വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നു.