അതു പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും 'ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു' എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല.
അദ്ദേഹം (താക്കീതുകാരന്‍) പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തില്‍ കണ്ടെത്തിയോ, അതിനെക്കാളും നല്ല മാര്‍ഗം കാണിച്ചുതരുന്നതുമായി ഞാന്‍ നിങ്ങളുടെ അടുത്ത് വന്നാലും (നിങ്ങള്‍ പിതാക്കളെത്തന്നെ അനുകരിക്കുകയോ?) അവര്‍ പറഞ്ഞു; നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ തീര്‍ച്ചയായും അതിനെ നിഷേധിക്കുന്നവരാകുന്നു ഞങ്ങള്‍.
ഇബ്രാഹീം തന്‍റെ പിതാവിനോടും ജനങ്ങളോടും ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ ആരാധിക്കുന്നതുമായി ബന്ധം ഒഴിഞ്ഞവനാകുന്നു.
അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ (സത്യത്തിലേക്കു) മടങ്ങേണ്ടതിനായി അതിനെ (ആ പ്രഖ്യാപനത്തെ) അദ്ദേഹം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു വചനമാക്കുകയും ചെയ്തു.
അല്ല, ഇക്കൂട്ടര്‍ക്കും അവരുടെ പിതാക്കള്‍ക്കും ഞാന്‍ ജീവിതസുഖം നല്‍കി. സത്യസന്ദേശവും, വ്യക്തമായി വിവരിച്ചുകൊടുക്കുന്ന ഒരു ദൂതനും അവരുടെ അടുത്ത് വരുന്നത് വരെ.
അവരാണോ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം പങ്കുവെച്ചു കൊടുക്കുന്നത്?(6) നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ചു കൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്‍റെ രക്ഷിതാവിന്‍റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം.
6) പ്രവാചകനിയോഗം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അത് ആര്‍ക്കൊക്കെ ലഭിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരല്ല.
മനുഷ്യര്‍ ഒരേ തരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കില്‍ പരമകാരുണികനില്‍ അവിശ്വസിക്കുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്ക് വെള്ളി കൊണ്ടുള്ള മേല്‍പുരകളും, അവര്‍ക്ക് കയറിപോകാന്‍ (വെള്ളികൊണ്ടുള്ള) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു.