പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം.
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും (സത്യത്തെ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍ ഉദ്യമിക്കുകയും, അസത്യവും കൊണ്ട് അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. സത്യത്തെ അതുമുഖേന തകര്‍ക്കുവാന്‍ വേണ്ടി. തന്നിമിത്തം ഞാന്‍ അവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!
സിംഹാസനം വഹിക്കുന്നവരും അതിന്‍റെ ചുറ്റിലുള്ളവരും (മലക്കുകള്‍) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീർത്തിക്കുകയും അവനില്‍ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക് വേണ്ടി (ഇപ്രകാരം) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ പശ്ചാത്തപിക്കുകയും നിന്‍റെ മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍ നിന്ന് കാക്കുകയും ചെയ്യേണമേ.