അങ്ങനെ സൈന്യവുമായി പുറപ്പെട്ടപ്പോള്‍ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. അപ്പോള്‍ ആര്‍ അതില്‍ നിന്ന് കുടിച്ചുവോ അവന്‍ എൻ്റെ കൂട്ടത്തില്‍ പെട്ടവനല്ല. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവന്‍ എൻ്റെ കൂട്ടത്തില്‍ പെട്ടവനാകുന്നു. എന്നാല്‍ തൻ്റെ കൈ കൊണ്ട് ഒരിക്കല്‍ മാത്രം കോരിയവന്‍ ഇതില്‍ നിന്ന് ഒഴിവാണ്. അവരില്‍ നിന്ന് ചുരുക്കം പേരൊഴികെ അതില്‍ നിന്ന് കുടിച്ചു. അങ്ങനെ അദ്ദേഹവും കൂടെയുള്ള വിശ്വാസികളും ആ നദി കടന്നു കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: ജാലൂതി (ഗോലിയത്ത്) നെയും അവൻ്റെ സൈന്യങ്ങളെയും നേരിടാന്‍ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. തങ്ങള്‍ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന ഉറപ്പുള്ളവര്‍ പറഞ്ഞു: എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിൻ്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.