1) നബി(ﷺ)യുടെ ദേശക്കാരും കാലക്കാരുമല്ലാത്ത ജനവിഭാഗങ്ങള്‍ക്കുകൂടി നബി(ﷺ)യുടെ ദൗത്യം ബാധകമാണെന്നര്‍ഥം.
2) വേദഗ്രന്ഥത്തിന്റെ വാഹകരാണെന്നതില്‍ അഭിമാനിക്കുകയും, വേദത്തിന്റെ ഉള്ളടക്കം ജീവിതത്തില്‍ പകര്‍ത്താതിരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഈ ഉപമ ബാധകമത്രെ.
3) മരണത്തോടെ സ്വര്‍ഗീയസുഖങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ മാത്രം അല്ലാഹുവിന്റെ സാമീപ്യം നേടിയവരാണ് തങ്ങളെന്നാണ് അവരുടെ അവകാശവാദമെങ്കില്‍ അവര്‍ മരണത്തെ കൊതിക്കുകയാണ് വേണ്ടത്. പലതരം വിഷമങ്ങള്‍ നിറഞ്ഞ ഭൗതികലോകത്ത് അവര്‍ തുടരാന്‍ ആഗ്രഹിക്കുന്നത് അനുചിതമാണ്.
4) ഒരു വെള്ളിയാഴ്ച മദീനാ മസ്‌ജിദിലെ മിമ്പറില്‍ നബി(ﷺ) പ്രസംഗിച്ചുകൊണ്ടു നിൽക്കെ മദീനാ കമ്പോളത്തില്‍ ഒരു സാര്‍ത്ഥവാഹകസംഘം വന്നു കൊട്ടുംകുരവയുമുണ്ടാക്കിയപ്പോള്‍ ഖുത്വ്‌ബ കേട്ടുകൊണ്ടിരുന്നവരില്‍ ഏതാനും പേരൊഴിച്ച് ബാക്കിയുള്ളവര്‍ കമ്പോളത്തിലേക്ക് ഓടിപ്പോയി. ഈ സന്ദര്‍ഭത്തിലാണ് ഈ വചനം അവതരിച്ചത്.