5) മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളായി അഭിനയിക്കുകയും, മനസ്സില്‍ മുസ്‌ലിംകളോട് വിദ്വേഷം പുലര്‍ത്തുകയും ചെയ്തിരുന്ന കപടന്മാരെ സംബന്ധിച്ചാണ് 25-30 വചനങ്ങളില്‍ പരാമര്‍ശിക്കുന്നത്. എക്കാലത്തും ഈ വ്യാജവേഷവുമായി നടക്കാമെന്നായിരുന്നു അവരുടെ മോഹം. എന്നാല്‍ അല്ലാഹു നബി (ﷺ)ക്ക് അവരില്‍ പലരെപ്പറ്റിയും, അവരുടെ ലക്ഷണങ്ങളെപ്പറ്റിയും അറിവ് നല്കിയതിനാല്‍ അവര്‍ക്ക് ഏറെക്കാലം റസൂല്‍ (ﷺ)യെയും സ്വഹാബികളെയും കബളിപ്പിക്കാന്‍ കഴിഞ്ഞില്ല.
6) വിശ്വാസം കൊണ്ടും സൂക്ഷ്മത കൊണ്ടും ശത്രുക്കളെക്കാള്‍ എത്രയോ ഉന്നതരായ മുസ്‌ലിംകള്‍ യാതൊരു കാരണവശാലും ഭീരുത്വപരമായ നിലപാട് സ്വീകരിച്ചുകൂടാ. മുസ്‌ലിംകൾ ശക്തരായിരിക്കെ അവർ ശത്രുക്കളെ സന്ധിയിലേക്ക് ക്ഷണിക്കരുത്. എന്നാൽ അവർ ദുർബലരും ശത്രുക്കൾ വലിയ യുദ്ധശേഷി ഉള്ളവരുമായിരിക്കെ അവരുമായി സമാധാനക്കരാർ ഉണ്ടാക്കുന്നതിൽ തെറ്റില്ല. ശത്രുക്കള്‍ ആക്രമണം അവസാനിപ്പിച്ച് സന്ധി നിര്‍ദേശവുമായി മുന്നോട്ടുവന്നാല്‍ അത് സ്വീകരിക്കലാണ് ഉചിതം എങ്കിൽ അതുമാവാം. ഇത്തരം കാര്യങ്ങളിൽ മുസ്‌ലിംകളുടെ പൊതുനന്മ ലക്ഷ്യമാക്കി ഉചിതമായ തീരുമാനമെടുക്കേണ്ടത് അവരുടെ ഭരണാധികാരികളാണ്.
7) ഒരാള്‍ വിശ്വസിക്കുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്തുകഴിഞ്ഞാല്‍ അതുകൊണ്ട് അല്ലാഹു സംതൃപ്തനാകുന്നു. അയാളുടെ ധനം തനിക്ക് നൽകണമെന്ന് അല്ലാഹു ആവശ്യപ്പെടുകയില്ല. ദാനധര്‍മങ്ങള്‍ അല്ലാഹു അനുശാസിക്കുന്നത് അല്ലാഹുവിനു വേണ്ടിയല്ല മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്.
8) പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തുന്ന പല ആളുകളോടും പണം ചോദിച്ചാല്‍ അവരുടെ ഭാവം മാറുകയും കോപം പ്രകടമാവുകയും ചെയ്യുന്നതു കാണാം.