22) പത്തിരട്ടി വരുന്ന ശത്രു സൈന്യത്തിൻ്റെ മുമ്പില്‍ പോലും ഉറച്ചുനിന്നു പോരാടണമെന്നും പിന്മാറാന്‍ പാടില്ലെന്നുമായിരുന്നു മുസ്‌ലിംകള്‍ ദൃഢവിശ്വാസമുള്ള ന്യൂനപക്ഷമായിരുന്ന സമയത്ത് അല്ലാഹുവിൻ്റെ കല്‍പന. പിന്നീട് ഇരട്ടിയിലേറെ വരുന്ന ശത്രുസൈന്യത്തിൻ്റെ മുമ്പില്‍ ഉറച്ചുനിന്നു പൊരുതാന്‍ സാധിച്ചില്ലെങ്കിലും കുറ്റമില്ല എന്ന നിലക്ക് കല്‍പനയില്‍ ഇളവ് വന്നു. വിശ്വാസപരമായി വളരെ പ്രബലരല്ലാത്ത കുറേ പേരും കൂടിച്ചേര്‍ന്ന് മുസ്‌ലിംകളുടെ എണ്ണം കൂടിയ സന്ദര്‍ഭത്തിലാണ് ഈ ഇളവ് പ്രഖ്യാപിക്കപ്പെട്ടത്.
23) സത്യവിശ്വാസവും സദ്‌വൃത്തതയും സ്വീകരിച്ചു എന്ന കാരണത്താല്‍ മാത്രം നബി(ﷺ)യുടെയും അനുചരന്മാരുടെയും നേര്‍ക്ക് ഭീകരയുദ്ധം അഴിച്ചുവിടുകയാണല്ലോ ശത്രുക്കള്‍ ചെയ്തത്. വിശ്വാസികള്‍ ദുര്‍ബലമായ ന്യൂനപക്ഷം. സത്യനിഷേധികള്‍ സുസജ്ജരായ ഭുരിപക്ഷം. എന്നിട്ടും ശത്രുക്കള്‍ ബദ്‌റില്‍ ദയനീയമായി പരാജയപ്പെട്ടു. അവരില്‍ അനേകം പേര്‍ മുസ്‌ലിംകളുടെ കൈയില്‍ യുദ്ധത്തടവുകാരായി. സ്വഹാബികളില്‍ പലരുടെയും നിര്‍ദേശം മാനിച്ച് നബി(ﷺ) അവരെ മോചനമൂല്യം വാങ്ങി വിട്ടയക്കാന്‍ നിര്‍ദേശിച്ചു. ഈ നടപടി യുദ്ധതന്ത്രപരമായി ശരിയായില്ലെന്നാണ് ഈ വചനം ഉണര്‍ത്തുന്നത്. മൂര്‍ഖന്മാരായ ശത്രുക്കളെ കൊന്നും പരിക്കേല്‍പിച്ചും ഒതുക്കിയതിനു ശേഷമല്ലാതെ അവരോട് ഉദാരനയം സ്വീകരിച്ചുകൂടാ. അത് അപകടമാണ് എന്നും അല്ലാഹു ഓര്‍മ്മിപ്പിക്കുന്നു.
24) മോചനമൂല്യമായി കിട്ടുന്ന സംഖ്യ ആഗ്രഹിച്ചു കൊണ്ടാണ് നിങ്ങള്‍ അവരെ വിട്ടയക്കുന്നത്. താമസിയാതെ മറ്റൊരു യുദ്ധത്തിന് കോപ്പുകൂട്ടാന്‍ ശത്രുക്കള്‍ക്ക് അത് അവസരം സൃഷ്ടിച്ചേക്കും. അത് നിങ്ങള്‍ക്ക് ഐഹികവും പാരത്രികവുമായ നഷ്ടത്തിന് കാരണമായേക്കാം.