3) ജിബ്‌രീല്‍(عليه السلام) എന്ന മലക്ക് സാക്ഷാല്‍ രൂപത്തില്‍ ദിവ്യസന്ദേശവുമായി നബി(ﷺ)യുടെ സമീപമെത്തിയ ഒരു സന്ദര്‍ഭമാണ് ഈ വചനങ്ങളിലൂടെ സൂചിപ്പിക്കപ്പെടുന്നതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.
7) ആകാശാരോഹണ സമയത്ത് റസൂല്‍(ﷺ) കണ്ട ദൃശ്യങ്ങളെപ്പറ്റിയാണ് 13-18 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നാണ് പ്രമുഖ വ്യാഖ്യാതാക്കളുടെ അഭിപ്രായം. മിഅ്‌റാജിനെ സംബന്ധിച്ച ഹദീസുകള്‍ അതിന് പിന്‍ബലം നല്കുന്നു. അല്ലാഹു കാണിച്ചുകൊടുത്ത കാര്യങ്ങള്‍ കണ്ടുമനസ്സിലാക്കുന്നതില്‍ നബി(ﷺ)ക്ക് തെറ്റുപറ്റുകയോ, വിലക്കപ്പെട്ട കാര്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ ദൃഷ്ടി അതിക്രമിച്ചുപോവുകയോ ഉണ്ടായിട്ടില്ലെന്നത്രെ 17ാം വചനത്തിന്റെ വിവക്ഷ.
8) അറബികള്‍ ആരാധിച്ചിരുന്ന മൂന്ന് ദൈവങ്ങളാണ് ലാത്തയും ഉസ്സയും മനാത്തും. തീര്‍ത്ഥാടകര്‍ക്ക് പായസം നല്കിക്കൊണ്ടിരുന്ന ഒരാളായിരുന്നു ലാത്ത. അയാളുടെ മരണശേഷം അയാളുടെ പേരില്‍ വിഗ്രഹം നിര്‍മ്മിച്ച് ആരാധന തുടങ്ങുകയാണുണ്ടായത്. ഒരു വൃക്ഷമായിരുന്നു ഉസ്സാ. ഹുദൈല്‍ ഗോത്രക്കാര്‍ പൂജിച്ചിരുന്ന ഒരു പാറക്കല്ലാണ് മനാത്ത്. ഇത്തരം ആരാധനയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് അവര്‍ ചിന്തിച്ചുനോക്കാറുണ്ടായിരുന്നില്ല. അന്ധമായ അനുകരണം മാത്രമായിരുന്നു അവരുടെ സമ്പ്രദായം.
9) തങ്ങളുടെ ദേവതകളെ അല്ലാഹുവിന്റെ പുത്രിമാരായിട്ടാണ് അറേബ്യന്‍ ബഹുദൈവാരാധകര്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചാല്‍ അത് അപമാനമായിക്കരുതുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്നവരായിരുന്നു അവര്‍.
10) ഇഹലോകത്ത് ആഗ്രഹസഫലീകരണവും, പരലോകത്ത് ശുപാര്‍ശയും കാംക്ഷിച്ചുകൊണ്ടാണ് ബഹുദൈവാരാധകര്‍ അല്ലാഹുവിന് പുറമെയുള്ള ദൈവങ്ങളെ തേടിപ്പോകുന്നത്. അതൊരു മിഥ്യാഭ്രമമാണെന്നും, ഇഹപരസൗഭാഗ്യങ്ങള്‍ നല്കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണെന്നും ഈ വചനം വ്യക്തമാക്കുന്നു.