4) കൊട്ടാരത്തില്‍ ഉന്നത സ്ഥാനം നല്‍കപ്പെട്ടിരുന്ന മൂസാ (عليه السلام) സാധാരണ പട്ടണത്തില്‍ ഇറങ്ങി നടക്കാറുണ്ടാവില്ലെന്നുവേണം കരുതാന്‍. അതുകൊണ്ടായിരിക്കാം ആളുകള്‍ ശ്രദ്ധിക്കാത്തവിധം, അവര്‍ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ മറ്റോ അദ്ദേഹം പട്ടണത്തില്‍ ഇറങ്ങിച്ചെന്നത്.
5) തന്റെ വര്‍ഗക്കാരന്റെ നേരെ കയ്യേറ്റം നടത്തുന്നതില്‍ നിന്ന് എതിരാളിയെ തടയണമെന്നല്ലാതെ അവനെ കൊല്ലണമെന്ന് മൂസാ(عليه السلام)ക്ക് ഉദ്ദേശമില്ലായിരുന്നു. താന്‍ ഒരു കൊലയാളിയായിത്തീര്‍ന്നതില്‍ അദ്ദേഹം ദുഃഖിതനായി.
6) സഹായം തേടിയ ഇസ്രായീല്‍ വംശജനെ ഒരു ശല്യക്കാരന്‍ എന്ന നിലയ്ക്ക് മൂസാ (عليه السلام) ആക്ഷേപിച്ചുവെങ്കിലും പൊതു ശത്രുവിനെതിരില്‍ അവനെ സഹായിക്കുവാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു.
7) ഇത് പറഞ്ഞത് ഇസ്രായീല്‍കാരന്‍ തന്നെയാണെന്ന് മിക്ക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു. മൂസാ(عليه السلام)യുടെ ആക്ഷേപം കേട്ടപ്പോള്‍ അദ്ദേഹം തന്നെത്തന്നെയാണ് പിടികൂടാന്‍ പോകുന്നതെന്ന് അവന്‍ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്നാണ് അവരുടെ വിശദീകരണം. തലേദിവസം കൊല നടത്തിയത് മൂസാ(عليه السلام)യാണെന്ന് ആ 'ഖ്വിബ്ത്വി'വംശജന്‍ അറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഖ്വിബ്ത്വിയുടെ തന്നെ വാക്കാണെന്ന് അഭിപ്രായപ്പെട്ട ചിലരുമുണ്ട്.
ഈ സംസാരത്തോടുകൂടി കൊലയാളി മൂസാ (عليه السلام) ആണെന്ന വിവരം പട്ടണത്തിലാകെ പരന്നു.
8) മൂസാ(عليه السلام)യുടെ ഗുണകാംക്ഷിയായ ഈ വ്യക്തി 'ഖ്വിബ്ത്വി'കളുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നുവെന്ന് ചില വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.