2) നാല്പതാം വയസ്സിലാണ് മുഹമ്മദ് നബി(ﷺ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അന്നു മുതലാണ് അദ്ദേഹത്തിന് അല്ലാഹുവിൻ്റെ സന്ദേശം ലഭിക്കാന്‍ തുടങ്ങിയത്. അതിന്നുമുമ്പുളള അദ്ദേഹത്തിൻ്റെ ജീവിതം നാട്ടുകാര്‍ക്ക് സുപരിചിതമാണ്. അല്ലാഹുവിനെയോ വേദത്തെയോ പറ്റി അന്നൊന്നും നബി (ﷺ) അവരോട് യാതൊന്നും സംസാരിച്ചിരുന്നില്ല.
3) അല്ലാഹുവിങ്കല്‍ ശുപാര്‍ശ നടത്തി കാര്യം സാധിപ്പിച്ചു തരുന്ന വല്ലവരുമുണ്ടെങ്കില്‍ അത് അല്ലാഹു അറിയാതിരിക്കില്ലല്ലോ. ആ ശുപാര്‍ശകരോട് പ്രാര്‍ത്ഥിക്കേണ്ടതുണ്ടെങ്കില്‍ അല്ലാഹു തന്നെ നമുക്കത് അറിയിച്ചു തരുമല്ലോ. പക്ഷെ, ബഹുദൈവാരാധകര്‍ക്ക് ന്യായവും തെളിവുമൊന്നുമല്ല അന്ധമായ അനുകരണമാണ് പ്രമാണം.
4) ഏക ഇലാഹായ ഒരൊറ്റ അല്ലാഹു, ഒരൊറ്റ ജനത ഇതായിരുന്നു മനുഷ്യര്‍ തങ്ങളുടെ ശുദ്ധമായ പ്രകൃതിയില്‍ നിലകൊണ്ടിരുന്നപ്പോഴൊക്കെ അവരുടെ വീക്ഷണം. അവിശ്വാസവും അധര്‍മ്മവുമാണ് അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയത്.
5) വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും, ധര്‍മ്മനിരതര്‍ക്കും അധര്‍മ്മകാരികള്‍ക്കുമെല്ലാം ഇഹലോകത്ത് ജീവിക്കാന്‍ അവസരം നല്‍കുകയും, അന്തിമമായ ന്യായവിധി പരലോകത്തേക്ക് നീട്ടിവെക്കുകയും ചെയ്തുകൊണ്ടുളള അല്ലാഹുവിൻ്റെ ഉത്തരവാണ് ഇവിടെ 'വചനം' കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
6) ഒരു പ്രവാചകന്നും താന്‍ ഇച്ഛിക്കുമ്പോള്‍ അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിക്കുക സാദ്ധ്യമല്ല. പ്രവാചകന്‍ മുഖേന ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്താന്‍ അല്ലാഹു തീരുമാനിക്കുമ്പോള്‍ അത് സംഭവിക്കുന്നു.