44) പ്രവാചകന്മാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് അദൃശ്യജ്ഞാനം ലഭിക്കുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം അറിയിച്ചു കൊടുക്കുന്ന കാര്യങ്ങളൊഴികെ. സ്വന്തം ഭാര്യയായ ആയിശയെ(رضي الله عنها) പറ്റി അപവാദം പ്രചരിച്ചപ്പോള്‍ അതിൻ്റെ സത്യാവസ്ഥ അറിയാതെ നബി(ﷺ) വിഷമിച്ച സംഭവം പ്രസിദ്ധമാണല്ലോ. മൂസാനബി(عليه السلام)ക്ക് കൂട്ടുകാരൻ്റെ പ്രവര്‍ത്തനങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയാതെ പോയ കാര്യം അല്‍കഹ്ഫ് സൂറത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് അദൃശ്യജ്ഞാനം ലഭിക്കുകയാണെങ്കില്‍ ശത്രുക്കള്‍ ആരെന്നും അവര്‍ ഏതുവഴിക്ക് ആക്രമണം നടത്തുമെന്നും മുന്‍കൂട്ടി മനസ്സിലാക്കാം. എപ്പോള്‍ എവിടെ വെച്ച് അപകടം പിണയുമെന്നും മനസ്സിലാക്കാം. അങ്ങിനെ പല നഷ്ടങ്ങളും ഒഴിവാക്കാം. പല നേട്ടങ്ങളും നേടിയെടുക്കാം. പക്ഷേ വിശുദ്ധഖുര്‍ആന്‍ അസന്നിഗ്ധമായ ഭാഷയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അദൃശ്യജ്ഞാനം അല്ലാഹുവിൻ്റെ പക്കല്‍ മാത്രമാണെന്ന്. (3:179, 6:59, 10:20, 27:65)
45) അല്ലാഹു ആദമി(عليه السلام)നെ സൃഷ്ടിച്ചു. തുടര്‍ന്ന് ആദമില്‍ നിന്ന് ഇണയായ ഹവ്വായെയും, അനന്തരം ഒരേ വര്‍ഗത്തില്‍ നിന്ന് ആണിനെയും പെണ്ണിനെയും അവന്‍ സൃഷ്ടിച്ചു വളര്‍ത്തിക്കൊണ്ടിരിക്കുന്നു.
46) മനുഷ്യരില്‍ പലരുടെയും സ്ഥിതിയാണിത്. അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹം കൊണ്ട് ചില ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായാല്‍ അത് അല്ലാഹുവിൻ്റെ ദാനമായി കണക്കാക്കി നന്ദി രേഖപ്പെടുത്തുന്നതിനു പകരം അവരത് ഏതെങ്കിലും ദേവീദേവന്മാരുടെയോ പുണ്യവാളന്മാരുടെയൊ അനുഗ്രഹമായി കണക്കാക്കുന്നു. അവര്‍ക്കുള്ള 'നേര്‍ച്ചക്കടം' വീട്ടാന്‍ പുറപ്പെടുന്നു. ഇത് പൊറുക്കപ്പെടാത്ത ശിര്‍ക്കാകുന്നു.
47) അല്ലാഹുവിനു പുറമെ ദിവ്യത്വം കല്‍പിക്കപ്പെടുന്നവരൊക്കെ തികച്ചും നിസ്സഹായരാണ്. അവര്‍ക്കൊരു കഴിവുമില്ല. അവരോട് പ്രാര്‍ഥിക്കുന്നവരുടെയും, അവരുടെ പേരുപറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നവരുടെയും കാര്യം കഷ്ടം തന്നെ.