1) 'നിങ്ങളുടെ രക്തബന്ധങ്ങളോ നിങ്ങളുടെ സന്താനങ്ങളോ നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല തന്നെ. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്പിക്കുന്നതാണ്' - ഇങ്ങനെയും അര്‍ഥമാകാവുന്നതാണ്.
2) മുസ്‌ലിംകളുമായി സമാധാനപൂര്‍വം സഹവര്‍ത്തിക്കാന്‍ താല്പര്യം കാണിക്കുന്നവരോട് മുസ്‌ലിംകളും സമാധാനപൂര്‍വം സഹവര്‍ത്തിക്കേണ്ടതാണെന്ന് വി.ഖു. 8:60,61ല്‍ വ്യക്തമാക്കിയിട്ടുണ്ട്. 8,9 വചനങ്ങള്‍ കൂടി നോക്കു.
3) ഇബ്‌റാഹീം നബി(عليه السلام) പിതാവിനോട് ചെയ്ത ഒരു വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ക്കുവേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചത്. എന്നാല്‍ മുസ്‌ലിംകള്‍ ഈ മാതൃക സ്വീകരിച്ചുകൊണ്ട് അവിശ്വാസികളായ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതില്ലെന്ന് ഈ വചനത്തില്‍നിന്ന് ഗ്രഹിക്കാം.
4) അവിശ്വാസികളുടെ സമൂഹത്തില്‍ നിന്ന് വിവാഹിതയായ ഒരു സ്ത്രീ ഇസ്‌ലാം സ്വീകരിച്ചുകൊണ്ട് മുസ്‌ലിം സമൂഹത്തിലേക്ക് വന്നാല്‍ എന്തു ചെയ്യണമെന്നാണ് ഇവിടെ വിവരിക്കുന്നത്. അവളെ അവിശ്വാസികളുടെ സമൂഹത്തിലേക്ക് തിരിച്ചയക്കരുത്. ഇസ്‌ലാം ആശ്ലേഷിച്ച ഒരു സ്ത്രീക്ക് ഒരു അവിശ്വാസിയുടെ ഭാര്യയായി തുടരാവുന്നതല്ല. എന്നാല്‍ അവിശ്വാസിയായ ഭര്‍ത്താവ് അവള്‍ക്ക് കൊടുത്ത വിവാഹസമ്മാനം (മഹ്ര്‍) മുസ്‌ലിംകള്‍ അയാള്‍ക്ക് നൽകേണ്ടതാണ്. ഏതൊരു മുസ്‌ലിമിനും ആ സ്ത്രീയെ ന്യായമായ മഹ്ര്‍ നിശ്ചയിച്ച് (ഇദ്ദഃ കഴിഞ്ഞശേഷം) വിവാഹം കഴിക്കാവുന്നതുമാണ്.
5) ഇസ്‌ലാം ആശ്ലേഷിച്ച ഒരാള്‍ക്ക് അവിശ്വാസിനിയായ സ്ത്രീയുമായി ദാമ്പത്യബന്ധം തുടരാന്‍ പറ്റില്ല.
6) മുസ്‌ലിംകളുടെ ഭാര്യമാരാരെങ്കിലും അവിശ്വാസികളായി മാറുകയും, അവിശ്വാസികളില്‍ ആരുമായെങ്കിലും വിവാഹബന്ധത്തിലേര്‍പ്പെടുകയും ചെയ്താല്‍ ആദ്യഭര്‍ത്താവ് നല്കിയ മഹ്ര്‍ അമുസ്‌ലിം സമൂഹത്തോട് വസൂല്‍ ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
7) ജാരസന്തതിക്ക് ജന്മം നല്കിയിട്ട് ഭര്‍ത്താവിന്റെ മേല്‍ വ്യാജമായി കെട്ടിയേല്പിക്കുന്നതിനെപ്പറ്റിയാണ് സൂചന.