14) രണ്ടുതരം ശിക്ഷയെ പറ്റിയാണല്ലോ റസൂല്‍ (ﷺ) അവിശ്വാസികള്‍ക്ക് താക്കീത് നല്കിയിരുന്നത്. ഒന്ന്, ഇഹലോകത്ത് അവര്‍ക്ക് നേരിടാവുന്ന ആപത്തും പരാജയവും പതിത്വവും. രണ്ട്, ശാശ്വതമായ നരകശിക്ഷ. ഇത് രണ്ടിനും നിര്‍ണ്ണിതമായ അവധിയുണ്ട്. ബദ്ര്‍ മുതല്‍ മക്കാവിജയം വരെയുളള സംഭവപരമ്പരകളിലൂടെ ദുന്‍യാവില്‍ സത്യനിഷേധികള്‍ക്ക് അല്ലാഹു വിധിച്ചതെന്തെന്ന് അവര്‍ കണ്ടറിഞ്ഞു. പരലോകശിക്ഷയും അതിന്റെ അവധിയെത്തുമ്പോള്‍ അവര്‍ അനുഭവിച്ചറിയുക തന്നെ ചെയ്യും.
15) കഠിനാധ്വാനം ചെയ്ത് ഉപജീവനം നേടാന്‍ കഴിയാത്ത, ശത്രുക്കളെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയാത്ത എത്രയോ ജീവികള്‍ക്ക് അല്ലാഹു ഉപജീവനവും സംരക്ഷണവും നല്‍കുന്നു.
16) ബഹുദൈവാരാധകരില്‍ ഭൂരിപക്ഷം പേര്‍ എക്കാലത്തും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും പരിപാലകനും ഏകനായ അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവരായിരുന്നു. എന്നിട്ടും ഈ വിശ്വാസത്തിന്റെ താല്പര്യത്തിന് വിരുദ്ധമായിക്കൊണ്ട് യാതൊരു അര്‍ഹതയും ഇല്ലാത്തവരെ അവര്‍ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.