1) നബി(ﷺ)യെ 'വസ്ത്രം കൊണ്ട് മൂടിയവന്‍' എന്ന് വിശേഷിപ്പിച്ചതിന്റെ പശ്ചാത്തലത്തെപ്പറ്റി വ്യാഖ്യാതാക്കള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പ്രവാചകത്വമാകുന്ന വസ്ത്രത്തില്‍ പൊതിഞ്ഞവന്‍, ആദ്യത്തെ ദിവ്യസന്ദേശം ലഭിച്ച സമയത്തുണ്ടായ ഭയവിഹ്വലത നിമിത്തം പുതച്ചുമൂടിയവന്‍, പ്രാര്‍ഥനക്കായി വസ്ത്രങ്ങള്‍ ധരിച്ചു ഒരുങ്ങിയവന്‍, മൂടിപ്പുതച്ച് ഉറങ്ങാന്‍ പോകുന്നവന്‍ എന്നിങ്ങനെ പല വിധത്തിലും 'മുസ്സമ്മില്‍' എന്ന വാക്ക് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
2) പില്‍ക്കാലത്ത് നബി(ﷺ)ക്ക് അവതരിപ്പിച്ചു കൊടുക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്ന മതാദ്ധ്യാപനങ്ങളെയും വിധിവിലക്കുകളെയും പറ്റിയാണ് ഇവിടെ 'കനപ്പെട്ട വാക്ക്' എന്നുപറഞ്ഞത്. പ്രവാചകനിയോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ അവതരിച്ച അദ്ധ്യായങ്ങളില്‍ ഒന്നാണ് സൂറത്തുല്‍ മുസ്സമ്മില്‍.
3) പകല്‍ സമയത്ത് ജോലിത്തിരക്കുള്ളതിനാല്‍ ദീര്‍ഘനേരം പ്രാര്‍ഥനയില്‍ മുഴുകാനാവില്ല. അതിനാല്‍ രാത്രിയില്‍ കഴിയുന്നത്ര ദീര്‍ഘമായി പ്രാര്‍ത്ഥനയില്‍ മുഴുകുക. ഇതാണ് നബി(ﷺ)ക്ക് അല്ലാഹു നൽകുന്ന നിര്‍ദേശം.
4) സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാനൊരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറിനിൽക്കാന്‍ അല്ലാഹു നബി(ﷺ)യെ ഉദ്‌ബോധിപ്പിക്കുന്നു.
5) സുഖലോലുപരായ സത്യനിഷേധികളുടെ കൂത്താട്ടത്തെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ലെന്നും അവരെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാമെന്നും അല്ലാഹു നബി(ﷺ)യെ ഉണര്‍ത്തുന്നു.
6) ഭയവിഹ്വലത നിമിത്തം കുട്ടികള്‍ പെട്ടെന്ന് വാര്‍ധക്യം ബാധിച്ച് നരച്ചവരായിത്തീരുന്ന ഒരു ഭയങ്കര ദിവസത്തെ ശിക്ഷയില്‍ നിന്ന് നിങ്ങള്‍ക്കെങ്ങനെ സ്വയം രക്ഷിക്കാനാവും എന്നര്‍ഥം.
7) രാപ്പകലുകളുടെ അളവില്‍ ദിവസേന ചെറിയ വ്യത്യാസമുണ്ടായിരിക്കും. തന്നിമിത്തം രാത്രിയുടെ നേര്‍പകുതി അല്ലെങ്കില്‍ കൃത്യം മൂന്നിലൊന്ന് കണിശമായി കണക്കാക്കുക ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അസാധ്യമായിരിക്കും. ഇസ്‌ലാം എല്ലാവര്‍ക്കും അനുഷ്ഠിക്കാവുന്ന കാര്യങ്ങളേ നിര്‍ദേശിക്കുന്നുള്ളൂ.
8) 2,3,4 വചനങ്ങളില്‍ പറഞ്ഞതുപോലെ രാത്രിയുടെ ഒരു നിശ്ചിതഭാഗം മുഴുവന്‍ പ്രാര്‍ഥനയില്‍ മുഴുകണമെന്ന കല്പനയില്‍ ഈ വചനം മുഖേന അല്ലാഹു ഇളവു നല്കി.