20) ഫിര്‍ഔന്‍ (ഫറോവ) കോപ്റ്റിക് വംശജനായിരുന്നു. കോപ്റ്റുകളായിരുന്നു ഈജിപ്തിലെ അധികാരിവര്‍ഗം. ഇസ്‌റാഈല്യരെ അവര്‍ അടിമകളായി വെച്ച് ദുര്‍വഹമായ ജോലികള്‍ ചെയ്യിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇതിനെപ്പറ്റി വിശുദ്ധഖുര്‍ആന്‍ പല സ്ഥലത്തും പ്രതിപാദിക്കുന്നുണ്ട്. ഈജിപ്തുകാരെ മൊത്തത്തില്‍ സത്യമതത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം ഇസ്‌റാഈല്യരെ മോചിപ്പിച്ച് സത്യവിശ്വാസവും സൽപ്രവർത്തനങ്ങളുമുള്ള ഒരു ജനതയായി വളര്‍ത്തിയെടുക്കുക എന്നതും മൂസാനബി(عليه السلام)യുടെ ദൗത്യത്തിൻ്റെ പ്രധാന ഭാഗമായിരുന്നു.
21) മനുഷ്യമോചനത്തിന് ശ്രമിക്കുന്നവരെയൊക്കെ രാജ്യദ്രോഹികളും അട്ടിമറിക്കാരുമായി ചിത്രീകരിക്കുക എന്നത് സ്വേച്ഛാധിപതികള്‍ എന്നും പയറ്റിപ്പോന്നിട്ടുളള ഒരു കുടില തന്ത്രമാണ്.